സിപിഎമ്മിന്റെ ഭീഷണി, ലക്ഷങ്ങളുടെ സ്വത്തുണ്ടെങ്കിൽ പാർട്ടി എടുത്തോട്ടെയെന്ന് മറിയക്കുട്ടി, പ്രതിഷേധിച്ചതിന്റെ പേരിൽ വീടിനു നേരെ കല്ലേറ്

തിരുവനന്തപുരം: ക്ഷേമ പെൻഷൻ ലഭിക്കാത്തിനെ തുടർന്ന് ഭിക്ഷയെടുത്തതിന് സിപിഎം സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതായി മറിയക്കുട്ടി. കഴിഞ്ഞ ദിവസം രാത്രി തന്റെ വീടിനു നേരെ കല്ലെറിഞ്ഞതായും മറിയക്കുട്ടി ആരോപിച്ചു. നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തുകയാണ്, തനിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നതായും മറിയക്കുട്ടി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഇതിനെ നിയമപരമായി നേരിടാനാണ് തന്റെ തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു.

ഇടുക്കി അടിമാലിയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് 85 വയസായ രണ്ട് വയോധികർ ചട്ടിയെടുത്ത് ഭിക്ഷ യാചിച്ചത്. മറിയക്കുട്ടി, അന്ന എന്നിവരാണ് ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെതിരെയുള്ള ബോർഡും തൂക്കി പ്രതിഷേധം നടത്തിയത്.

ഇതിനു പിന്നാലെ സിപിഎം പ്രവത്തകർ സമൂഹമാധ്യമങ്ങൾ വഴിയും നേരിട്ടും വ്യാപകമായി ഇവരെ ആക്രമിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി തന്റെ വീടിനു നേരെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞുവെന്ന് മറിയക്കുട്ടി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. തനിക്ക് ലക്ഷങ്ങളുടെ സ്വത്തുണ്ടെന്നാണ് ദേശാഭിമാനി പത്രത്തിൽ അച്ചടിച്ച് വെച്ചിരിക്കുന്നത്. ഇതൊക്കെ മറച്ചു വെച്ചാണ് താൻ ചാനലുകൾക്ക് മുന്നിൽ നാടകം നടത്തിയെന്നാണ് ആരോപിക്കുന്നത്. തനിക്കുള്ള ലക്ഷങ്ങളുടെ സ്വത്തുക്കൾ എവിടെയാണെന് സിപിഎം കാണിച്ചു തരണമെന്ന് മറിയക്കുട്ടി പറഞ്ഞു.

”എന്റെ മക്കൾ വിദേശത്താണെന്നാണ് ദേശാഭിമാനി പറയുന്നത്. എനിക്ക് നാലു പെൺമക്കളാണുള്ളത് അവരെല്ലാരും നാട്ടിൽ തന്നെയുണ്ട്. എനിക്കെന്തൊക്കെ സ്വത്തുക്കളുണ്ടെന്ന് സർക്കാർ അന്വേഷിച്ച് പറയട്ടെ. ആകെയുള്ളത്‌ അഞ്ചുസെന്റ് ഭൂമിയാണ് അത് ഇളയ മകളുടെ പേരിലാണ്. നേരത്തെ സഹോദരിയുടെ കൂടെയാണ് താമസിച്ചിരുന്നത്. എന്റെ പേരിൽ ഒരു തുണ്ടു ഭൂമിപോലുമില്ല, ഏക്കറുകണക്കിന് ഭൂമിയുണ്ടെങ്കിൽ സിപിഎം എടുത്തോട്ടെ,” എന്നും മറിയക്കുട്ടി പറഞ്ഞു.

അന്നയ്ക്ക് ഈറ്റ തൊഴിലാളി പെൻഷനും മറിയയ്ക്ക് വിധവാ പെൻഷനുമാണ് ലഭിക്കാനുള്ളത്. വിധവാ പെൻഷൻ ഇക്കഴിഞ്ഞ ജൂൺ വരെ കൃത്യമായി മറിയക്കുട്ടിക്ക് നൽകിയിട്ടുണ്ട്. സർക്കാർ ഫണ്ട് ലഭിക്കാത്തതിനാലാണ് നാലു മാസമായി ക്ഷേമപെൻഷനുകൾ മുടങ്ങിയതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top