ബീഫ് കടത്തിയെന്ന് ആരോപിച്ച് വൃദ്ധന് ട്രെയിനിൽ ക്രൂര മർദ്ദനം; അന്യായം കണ്ടാസ്വദിച്ച് സഹയാത്രികരും

മഹാരാഷ്ട്രയിൽ ബീഫ് (ഗോമാംസം) കൊണ്ടുപോകുന്നു എന്നാരോപിച്ച് വൃദ്ധന് ട്രെയിനിൽ ക്രൂര മർദ്ദനം. അഷ്റഫ് മുന്‍യര്‍ എന്ന വൃദ്ധനെയാണ് സഹയാത്രികർ മർദ്ദിച്ചത്. ജൽഗാവ് സ്വദേശിയായ ഇയാൾ ധൂലെ എക്‌സ്പ്രസിൽ മലേഗാവിലെ മകളുടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇയാളെ ട്രെയിനിൽ പരസ്യമായി അപമാനിക്കുന്നതും തല്ലുന്നതും കണ്ടിട്ട് പ്രതികരിക്കാതെ നിൽക്കുന്നവരുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിലർ ചിരിച്ചു കൊണ്ട് ഈ ക്രൂരത ആസ്വദിക്കുന്നതായും വീഡിയോയിൽ വ്യക്തമാണ്.
അഷ്റഫ് കൈവശം വച്ചിരുന്ന രണ്ട് പെട്ടികളിൽ എന്താണ് എന്ന് ഒരു കൂട്ടം ആളുകൾ ചോദ്യം ചെയ്തുകൊണ്ടാണ് ആള്‍കൂട്ട വിചാരണ ആരംഭിക്കുന്നത്. ‘എന്താണ് നിങ്ങൾ കൊണ്ടുപോകുന്നത്, നിങ്ങൾ എവിടെ പോകുന്നു, നിങ്ങൾ എവിടെ നിന്നും വരുന്നു’ എന്നെല്ലാം ചോദിച്ചു കൊണ്ടാണ് വ്യദ്ധനെ മർദ്ദനത്തിന് ഇരയാക്കിയത്.
മകളുടെ വിട്ടിലേക്ക് പോവുകയാണെന്നും അവിടെ കൊടുക്കാൻ അല്പം എരുമ മാംസം കരുതിയിട്ടുണ്ടെന്നും ദുർബലമായ ശബ്ദത്തിൽ അഷ്റഫ് പറയുന്നുണ്ട്. ഇത് ചെവിക്കൊള്ളാതെ അയാളെ മർദ്ദിക്കുകയും വീഡിയോ പകർത്തുകയും ചെയ്യുകയാണുണ്ടായത്. “ഇത് സാവൻ മാസമാണ്. ഞങ്ങൾ സവിശേഷമായി കൊണ്ടാടുന്ന ഈ മാസം തന്നെ നിങ്ങൾ ഇത് ചെയ്യുന്നു”‘ – എന്നും ആക്രോശിച്ചു കൊണ്ടാണ് അതിക്രമം തുടർന്നത്.
ALSO READ: ബീഫ് കഴിച്ചെന്ന് ആരോപിച്ച് വീണ്ടും ആൾക്കൂട്ടക്കൊല; ബംഗാൾ സ്വദേശിയെ ഗോരക്ഷകർ തല്ലിക്കൊന്നു
അതേസമയം, സാവൻ അഥവാ ശ്രാവണ മാസം ഹിന്ദുക്കളുടെ പുണ്യ മാസങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ശിവ ഭക്തൻമാർ വളരെ പ്രത്യേകതകളോടെ ഈ മാസം കൊണ്ടാടാറുണ്ട്. മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമം 1976 പ്രകാരം സംസ്ഥാനത്ത് പശുക്കളെയും കാളകളെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ എരുമകൾക്ക് നിരോധനം ബാധകമല്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here