പാക് ഭീകരനൊപ്പം ഒളിമ്പിക് താരം; പുതിയ വിവാദത്തിന് തിരികൊളുത്തി അർഷദ് നദീമിൻ്റെ ചിത്രങ്ങൾ

പാരിസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടി ചരിത്രം സൃഷ്ടിച്ച താരമാണ് പാക്കിസ്ഥാൻ്റെ അർഷദ് നദീം. ഇല്ലായ്മയിൽ നിന്ന് വളർന്നുവന്ന നദീമിൻ്റെ വാർത്തകൾ ഇന്ത്യയിലടക്കം തരംഗമായിരുന്നു. ഇന്ത്യയുടെ മുൻ മെഡൽ താരം നീരജ് ചോപ്ര അടക്കമുള്ളവർ നദീമിന് സഹായഹസ്തം നീട്ടിയതിൻ്റെ കഥകളും ഇതിനൊപ്പം പുറത്തുവന്നിരുന്നു.

തൊട്ടുപിന്നാലെയാണ് നദീമിനെ ചൊല്ലി പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഇന്ത്യയും അമേരിക്കയുമടക്കം തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള ഭീകരന്‍ മുഹമ്മദ് ഹാരിസ് ധർ എന്നു സംശയിക്കുന്ന ആൾക്കൊപ്പമുള്ള നദീമിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് എന്നാണെന്നോ എവിടെയാണെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഒളിമ്പിക്സ് മെഡൽ നേട്ടത്തിനുശേഷം രാജ്യത്ത് തിരിച്ചെത്തിയപ്പോഴാണ് നദീം ഭീകരനുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ പറയുന്നത്. എന്നാൽ ഇക്കാര്യം സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല. മാത്രവുമല്ല ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഇക്കാലത്ത് ഫോട്ടോയോ വീഡിയോയോ മാത്രം വച്ച് നിഗമനത്തിൽ എത്താനാകില്ല.

നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ രാഷ്ട്രീയ മുന്നണിയായ മിലി മുസ്ലീം ലീഗിന്റെ (എംഎംഎല്‍) ജോയിന്റ് സെക്രട്ടറിയാണ് ഹാരിസ് ധര്‍. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഹാഫിസ് സയീദ് 2017ൽ സ്ഥാപിച്ച സംഘടനയാണ് മിലി മുസ്ലീം ലീഗ്. യുഎസ് ഭീകരരുടെ പട്ടികയിലുള്ളയാളാണ് ഹാരിസ് ധർ. 2018ലാണ് ഹാരിസ് അടക്കം ഏഴു എംഎംഎൽ നേതാക്കളെ അമേരിക്ക ഭീകരരായി പ്രഖ്യാപിച്ചത്.

ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ 92.97 മീറ്റർ എറിഞ്ഞാണ് 27കാരനായ അർഷദ് നദീം സ്വർണമണിഞ്ഞത്. പാരിസിൽ പാക്കിസ്ഥാന്റെ ഏക മെഡൽ ജേതാവാണ് അർഷദ്. 32 വർഷത്തിന് ശേഷമാണ് ഒരു ഒളിമ്പിക്സ് മെഡൽ അർഷദിലൂടെ പാക്കിസ്ഥാനിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ വൻ പാരിതോഷികങ്ങളും പാക് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top