ഓമനക്കുഞ്ഞമ്മയെ ഓർമയുണ്ടോ? രാജ്യത്തെ ആദ്യ വനിതാ മജിസ്‌ട്രേറ്റ്; ഇന്ന് മുപ്പതാം ചരമവാർഷികം

തിരുവനന്തപുരം: രാജ്യത്തെ ആദ്യ വനിതാ മജിസ്‌ട്രേറ്റ് എന്ന പദവി സ്വന്തം പേരിനൊപ്പം എഴുതിക്കിച്ചേർത്ത വ്യക്തിയാണ് ഓമനക്കുഞ്ഞമ്മ. സംസ്ഥാന സര്‍വീസില്‍ ജോലി ചെയ്ത ആദ്യ വനിതാ ഐഎഎസ് ഓഫീസറായിരുന്ന ഓമനക്കുഞ്ഞമ്മ ഓര്‍മയായിട്ട് ഡിസംബര്‍ 12ന് മൂന്ന് പതിറ്റാണ്ട് തികഞ്ഞു. കേരളത്തിലെ സ്ത്രീകൾ, സമൂഹത്തിന്റെ മുൻനിരയിൽ വരുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്ന സമയത്താണ് ഇത്രയും ഉത്തരവാദിത്തമുള്ള പദവിയിലേക്ക് ഒരു വനിത എത്തുന്നത്.

1920 ഏപ്രിൽ 22ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗർകോവിലിലെ തിക്കുറിശ്ശി ഗ്രാമത്തിലാണ് ജനിച്ചത്. മലയാളത്തിലെ പ്രശസ്ത നടൻ തിക്കുറിശ്ശി സുകുമാരൻ നായരുടെ മൂത്ത സഹോദരിയാണ് ഓമനക്കുഞ്ഞമ്മ. തമിഴ്നാട്ടിലെ മാർത്താണ്ഡത്തായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം ആർട്സ് കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടിയ ശേഷമാണ് തിരുവനന്തപുരം ലോ കോളജിൽ നിയമം പഠിക്കാൻ പോയത്. 1943ൽ നിയമ ബിരുദം കരസ്ഥമാക്കി. 1944ലാണ് മജിസ്‌ട്രേറ്റ് പരീക്ഷ പാസായത്. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായി തക്കലയിലെ (ഇപ്പോള്‍ തമിഴ്നാട്ടില്‍ ) ഇരണിയലിലായിരുന്നു ആദ്യ നിയമനം. 1943ൽ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥനായ എൻ. കെ. രാഘവൻ പിള്ളയെ വിവാഹം ചെയ്തു.

ഭര്‍ത്താവിന്റെ മരണശേഷം ജുഡീഷ്യല്‍ സര്‍വീസില്‍ നിന്ന് മാറി അഡ്മിനിസ്ട്രെറ്റിവ് സര്‍വീസ് തിരഞ്ഞെടുത്തു. 1952 മുതൽ 1959 വരെ വിവിധ വകുപ്പുകളിൽ ജോലി ചെയ്തു. ആർഡിഒ, എഡിഎം എന്നീ ചുമതലകളും വഹിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്മീഷനിലും ഒരു വർഷം പ്രവർത്തിച്ചു. 1960ൽ സാമൂഹിക ക്ഷേമ വകുപ്പിന്റെ ഡയറക്ടറായി. അതേവർഷം തന്നെയാണ് ഐഎഎസ് കൺഫർ ചെയ്യുന്നതും. 1975 ഡിസംബര്‍ 13ന് തിരുവനന്തപുരത്തെ പതിനാലാമത് കളക്ടറായി ചുമതലയേറ്റു. 1978ൽ വിരമിക്കുന്നത് വരെ ഈ പദവിയിൽ തന്നെ ഓമനക്കുഞ്ഞമ്മ തുടർന്നു.

വിരമിച്ച ശേഷവും വിശ്രമമില്ലാത്ത ജീവിതമായിരുന്നു ഓമനക്കുഞ്ഞമ്മയുടേത്. 1978 മുതൽ ഒരു വർഷം ഭിന്നശേഷി ക്ഷേമ കമ്മീഷൻ ചെയർപേഴ്സണായി പ്രവര്‍ത്തിച്ചു. 1978 മുതൽ 15 വർഷം മഹിളാ മന്ദിരത്തിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയിരുന്നു. മരിക്കുന്നത് വരെ കവടിയാർ കൊട്ടാര വളപ്പിലുള്ള മെഡിക്കൽ സെന്ററിന്റെ ചുമതലയും വഹിച്ചിരുന്നത് ഓമനക്കുഞ്ഞമ്മയാണ്. 1993 ഡിസംബർ 12ന് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. മജിസ്‌ട്രേറ്റായി ചുമതല ഏറ്റതു മുതൽ മരിക്കുന്നത് വരെ വിശ്രമമില്ലാത്ത ജീവിതമായിരുന്നു അമ്മയുടേതെന്ന് മകന്‍ ആര്‍ ഹരികുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. അദ്ദേഹത്തെ കൂടാതെ ഒ. ശ്രീകുമാരി എന്നൊരു മകള്‍ കൂടി ഓമനക്കുഞ്ഞമ്മയ്ക്കുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top