ഓണം എത്തി; വിമാനനിരക്കുകള്‍ കുത്തനെ കൂട്ടി കമ്പനികള്‍; പ്രവാസികള്‍ പ്രതിസന്ധിയില്‍
ഓണം എത്തിയതോടെ പ്രവാസികളെ പിഴിയാന്‍ വിമാനകമ്പനികളും. ദുബായിലേക്കുള്ള വിമാനനിരക്കുകള്‍ കുത്തനെ ഉയര്‍ത്തി. ടിക്കറ്റ് നിരക്കില്‍ മൂന്നും നാലും ഇരട്ടിയുടെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഓണം കഴിയുംവരെ ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ട്. ഇപ്പോള്‍ തിരിച്ചുള്ള ടിക്കറ്റ് എടുക്കാത്ത പ്രവാസികളും വെട്ടിലായി. ഇവര്‍ക്കും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും. കിട്ടുന്ന ശമ്പളത്തിന്റെ വലിയൊരു ഭാഗം വിമാനടിക്കറ്റിന് തന്നെ നല്‍കേണ്ടി വരുന്നത് പ്രവാസികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കേരളത്തില്‍ നിന്നും യുഎയിലേക്ക് 6500 രൂപയുള്ള നിരക്ക് ഇപ്പോള്‍ 40,000 രൂപയ്ക്ക് മുകളിലാണ്. ഒരു കുടുംബത്തില്‍ നാല് അംഗങ്ങള്‍ ഉണ്ടെങ്കില്‍ രണ്ട് ലക്ഷം രൂപ ടിക്കറ്റിനായി നല്‍കേണ്ടിവരും. ഇന്ത്യ-ഗള്‍ഫ് സെക്ടറില്‍ കൂടുതല്‍ വിദേശ വിമാനകമ്പനികള്‍ക്ക് സര്‍വീസ് നല്‍കാന്‍ അനുമതി നല്‍കിയാല്‍ മാത്രമേ നിരക്കുകള്‍ കുറയുകയുള്ളൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉത്സവ സമയത്ത് മൂന്നും നാലും മടങ്ങ് നിരക്ക് ഈടാക്കുന്നതിനെതിരെ എംപിമാര്‍ പാർലമെന്‍റിൽ ശബ്ദം ഉയര്‍ത്തിയിട്ടും യാത്രാ നിരക്കുകള്‍ ഒട്ടും കുറഞ്ഞിട്ടില്ല.
നിരക്കുകള്‍ നിശ്ചയിക്കാനുള്ള അവകാശം വിമാനകമ്പനികള്‍ക്കാണ് എന്ന നിലപാടിലാണ് വ്യോമോയാന മന്ത്രാലയം. അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാരില്‍ നിന്നും വന്‍സമ്മര്‍ദ്ദം വിമാനകമ്പനികള്‍ നേരിടേണ്ടിയും വരുന്നില്ല. ഇത് നിരക്കുവര്‍ധന കുറയ്ക്കാതിരിക്കാന്‍ കാരണമാകുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here