ഓണം വാരാഘോഷം സമാപിച്ചു; വർണ്ണ വിസ്മയമൊരുക്കി ഘോഷയാത്ര; ഗവർണ്ണർ ഫ്ലാഗ് ഓഫ് ചെയ്തു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. വെള്ളയമ്പലത്ത് നിന്നും ആരംഭിച്ച വർണാഭമായ സമാപന ഘോഷയാത്ര ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്റണി രാജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കേന്ദ്ര – സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, സഹകരണ, തദ്ദേശസ്വയംഭരണ വകുപ്പുകൾ എന്നിവരുടെ വ്യത്യസ്തമായ അറുപതോളം ഫ്ളോട്ടുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരിക്കൊമ്പനും അഴിമതിയും ചന്ദ്രയാനുമുൾപ്പെടെ സമകാലിക വിഷയങ്ങൾ കോർത്തിണക്കിയാണ് ഓരോ ഫ്‌ളോട്ടും. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ മുൻപിൽ ഒരുക്കിയ വി ഐ പി പവലിയനിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉള്ളത്. കുടുംബസമേതമാണ് മുഖ്യമന്ത്രി ഘോഷയാത്ര കാണാൻ എത്തിയത്. വാദ്യഘോഷത്തിന് പുറമെ തെയ്യം, പടയണി, തിരുവാതിര, ഒപ്പന തുടങ്ങി വിവിധ കലാരൂപങ്ങളും യാത്രക്ക് മാറ്റുകൂട്ടുന്നുണ്ട്.