ഓണക്കിറ്റ് വിതരണത്തിന് വീണ്ടും തിരിച്ചടി; ‘ഇ – പോസ്’ തകരാറിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണ പ്രതിസന്ധി തുടരുന്നതിനിടെ ഇ – പോസ് സംവിധാനം തകരാറിലായി. ഇതോടെ മിക്ക ജില്ലകളിലും റേഷൻ വിതരണം മുടങ്ങി. ഓണത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ റേഷൻ വിതരണത്തിന് പുറമെ ഓണം സ്‌പെഷ്യൽ അരി വിതരണവും ഓണക്കിറ്റ് വിതരണവും മുടങ്ങുമെന്നാണ് ആശങ്ക.

ബയോമെട്രിക് സംവിധാനം പൂർണ്ണമായും തകരാറിലാണ്. മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള ഒടിപി വഴി മാത്രമാണ് നിലവിൽ റേഷൻ വിതരണം നടത്തുന്നത്.

ഇതുവരെ 24,000 കിറ്റുകളാണ് വിതരണം ചെയ്തതെന്ന് മന്ത്രി ജി.ആർ.അനിൽ പറയുന്നു. സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്കാണ് കിറ്റ് നൽകേണ്ടത്.

ഞായറാഴ്ച്ച ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. ശനിയാഴ്ച ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചതെങ്കിലും, പായസം മിക്‌സും കറിപ്പൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മിൽമയുടെ പായസം മിക്സും, റെയ്ഡ്‌കോയുടെ കറിപ്പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിംഗ് പൂർത്തിയാക്കാനാണ് നിർദേശം. പത്ത് ശതമാനം കിറ്റ് മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top