ഡൽഹിയിലെ ഓണസദ്യയും പൊളിഞ്ഞു; വിളിക്കാതെ ഓണമുണ്ണാൻ എത്തിയവരാണ് കുഴപ്പക്കാരെന്ന് സംഘാടകർ
ന്യൂഡൽഹി: നിയമസഭാ സ്പീക്കർ ഷംസീറിന്റെ ഓണസദ്യ പാളിയതിനു പിന്നാലെ ഡൽഹി കേരളഹൗസിൽ സംഘടിപ്പിച്ച ഓണസദ്യയിലും അതിഥികൾക്ക് വെറുകൈയ്യോടെ മടങ്ങേണ്ടിവന്നു. നിയമസഭാ ജീവനക്കാർക്കായി ഇക്കഴിഞ്ഞ ദിവസം സ്പീക്കർ ഒരുക്കിയ ഓണസദ്യ പകുതിയോളം പേർക്ക് വിളമ്പിയപ്പോഴേക്കും തീർന്നുപോയി സ്‌പീക്കർക്കുപോലും സദ്യക്കിട്ടാതെ പായസവും പഴവും കഴിച്ചു മടങ്ങേണ്ടി വന്നു. സമാനമായ അവസ്ഥയാണ് കേരളഹൗസിലും സംഭവിച്ചത്.
വെള്ളിയാഴ്ച്ച കേരളഹൗസിൽ പ്രത്യേകം ക്ഷണിച്ച അതിഥികൾക്കായി സദ്യ ഒരുക്കിയിരുന്നു. എന്നാൽ ഒട്ടുമിക്കപേർക്കും ഒന്നും കിട്ടിയില്ല. സർക്കാർ അതിഥികളായി വിളിച്ച ഒട്ടേറെപ്പേർ സദ്യയുണ്ണാതെ മടങ്ങി. കേരളഹൗസിന്റെ ഭരണം നിയന്ത്രിക്കുന്ന ഉന്നതോദ്യോഗസ്ഥരുടെ ബന്ധുക്കളും സുഹൃത്തുക്കളും കൂട്ടത്തോടെ എത്തിയതാണ് കണക്കുകൂട്ടലുകൾ തെറ്റിച്ചതെന്നാണ് വിവരം. വിളിച്ചുവരുത്തി അപമാനിച്ചെന്ന ആക്ഷേപം വിവിധ മലയാളിസംഘടനാപ്രവർത്തകർക്കിടയിലും ശക്തമാണ്. കഴിഞ്ഞ തവണ പന്തിയിൽ പക്ഷഭേദം കാട്ടിയതാണ് വിവാദമായതെങ്കിൽ ഇക്കുറി വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് പരാതി.
1200 പേർക്കാണ് സദ്യ ഒരുക്കിയത്. രണ്ടു പന്തി കഴിഞ്ഞതോടെ സദ്യയുടെ താളം തെറ്റി പിന്നീട് വന്നവർക്കാർക്കും പല വിഭവങ്ങളും ലഭിച്ചില്ല ഒടുവിൽ 500ഓളം പേർക്ക് നിരാശരായി മടങ്ങേണ്ടിവന്നു. ഉന്നതോദ്യോഗസ്ഥർ നിയന്ത്രണമില്ലാതെ വേണ്ടപ്പെട്ടവരെ ക്ഷണിച്ചപ്പോൾ തങ്ങൾക്കുപോലും സദ്യയുണ്ണാനായില്ലെന്ന അമർഷം ജീവനക്കാർക്കുമുണ്ട്. കൂടിയാലോചനകളില്ലാതെയുള്ള സംഘാടനമാണ് സദ്യ തികയാതെ വരാൻ കാരണമായതെന്ന് വിമർശനമുണ്ട്. കവാടത്തിൽ ക്ഷണപത്രിക വാങ്ങി കൈവശം വച്ചശേഷമാണ് സംഘാടകർ അതിഥികളെ അകത്തുകടത്തിയത്. എന്നാൽ ക്ഷണപത്രികയില്ലാതെ വന്ന ഉദ്യോഗസ്ഥരുടെ വേണ്ടപ്പെട്ടവർക്ക് പ്രത്യേക പരിഗണന നൽകിയെന്നും ആരോപണമുയരുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here