ദുബായില്‍ നിന്നെത്തിയ എടവണ്ണ സ്വദേശിക്ക് എംപോക്‌സ് ലക്ഷണങ്ങള്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സാമ്പിള്‍ പരിശോധനക്ക് അയച്ചു

വിദേശത്ത് നിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് ലക്ഷണങ്ങള്‍. മലപ്പുറം എടവണ്ണ ഒതായി സ്വദേശിക്കാണ് രോഗലക്ഷണങ്ങള്‍ പ്രകടമായിരിക്കുന്നത്. ഓരാഴ്ച മുമ്പാണ് ഇയാള്‍ യുഎഇയില്‍ നിന്ന് നാട്ടിലെത്തിയത്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രോഗിയുടെ സാമ്പിള്‍ പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

നാട്ടിലെത്തിയതിന് പിന്നാലെ തന്നെ ഇയാള്‍ക്ക് പനി ബാധിച്ചു. ഒപ്പം ത്വക്ക് സംബന്ധമായ അസ്വസ്ഥതകളും ഉണ്ടായി. തുടന്ന് ത്വക്ക് രോഗവിദഗ്ദ്ധനെ കാണാനായാണ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ നടന്ന പരിശോധനയില്‍ പനിക്കൊപ്പം, ചിക്കന്‍പോക്‌സിന് സമാനമായ രീതിയില്‍ കൈയില്‍ ഒരു തടിപ്പും കണ്ടെത്തി. വിദേശത്ത് നിന്ന് എത്തിയതാണെന്ന് പറഞ്ഞതോടെയാണ് എംപോക്‌സ് ലക്ഷണങ്ങളാണോ എന്ന സംശയം ഡോക്ടര്‍മാര്‍ അറിയിച്ചത്.

ഇതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പ്രകാരം രോഗിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗിയുടെ സാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ലാബിലേക്കാണ് പരിശോധനക്ക് അയച്ചത്. ഇയാള്‍ വിദേശത്ത് നിന്ന എത്തിയതുകൊണ്ട് തന്നെ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. നാട്ടിലെത്തിയ ഉടന്‍ തന്നെ പനിയും ലക്ഷണങ്ങളും ഉണ്ടായതിനാല്‍ വീട്ടില്‍ പ്രത്യേക മുറിയിലാണ് കഴിഞ്ഞിരുന്നത്. വീട്ടുകാരുമായി പോലും വലിയ സമ്പര്‍ക്കം ഉണ്ടായിട്ടില്ല. ഇത് ആശ്വാസം നല്‍കുന്നതാണെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top