എഐസിസി ഫണ്ടുപിരിവ് ലക്ഷ്യം കാണുന്നില്ല; പിരിവിന് പദ്ധതികളേറെ, മുന്‍കൈ എടുക്കാതെ നേതാക്കൾ

ഡല്‍ഹി: കോണ്‍ഗ്രസിന്‍റെ ഫണ്ട് പിരിവ് തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ ആശങ്കയുണ്ടാക്കുന്നു. ഓണ്‍ലൈന്‍ ഫണ്ടിംഗ് വഴി മൂന്ന് ലക്ഷത്തോളം പേരില്‍നിന്ന് ഇതുവരെ ലഭിച്ചത് 16 കോടി രൂപ മാത്രമാണ്. ഇതിനുപുറമേ കഴിഞ്ഞ ഡിസംബര്‍ മുതല്‍ എല്ലാ ബൂത്തുകളിലും ഏകദേശം പത്ത് വീടുകളില്‍ നിന്ന് കുറഞ്ഞത് 138 രൂപ എങ്കിലും സംഭാവന ലഭിക്കണമെന്ന ലക്ഷ്യത്തോടെ ഡോര്‍ ടു ഡോര്‍ ഡൊണേഷൻ ഡ്രൈവ് ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും അതും ക്ലച്ച് പിടിച്ചില്ല.

രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കൾ ഒപ്പിട്ട ടി-ഷർട്ടുകൾ, കസ്റ്റമൈസ് ചെയ്ത തൊപ്പികൾ തുടങ്ങിയവ വില്‍പ്പന നടത്തി ഫണ്ട് ശേഖരിക്കാം എന്നതായിരുന്നു പദ്ധതികളില്‍ ഒന്ന്. പാർട്ടിയുടെ സംസ്ഥാനതല ഭാരവാഹികൾ, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, ജില്ലാ-സംസ്ഥാന പ്രസിഡന്റുമാർ, എഐസിസി ഭാരവാഹികൾ എന്നിവർ 1380 രൂപയെങ്കിലും സംഭാവന നൽകണമെന്നതായിരുന്നു പാര്‍ട്ടിയുടെ മറ്റൊരു ആവശ്യം. ഇങ്ങനെ ഫണ്ടിനായുള്ള പദ്ധതികള്‍ പലതുണ്ടെങ്കിലും പ്രവര്‍ത്തകര്‍ തന്നെ പണം പിരിക്കാന്‍ മുന്‍കൈ എടുക്കാത്ത ദയനീയസ്ഥിതിയാണ്.

പുതുതായി നിയമിതനായ ട്രഷറർ അജയ് മാക്കന്റെ നേതൃത്വത്തിൽ, വീടുതോറുമുള്ള സംഭാവന ശേഖരണത്തിന്റെ രണ്ടാം ഘട്ടം കാര്യക്ഷമമായി ആരംഭിക്കാന്‍ നിരവധി നടപടികൾ സ്വീകരിച്ചെങ്കിലും അതും പച്ചപിടിച്ചില്ല. ഫണ്ട് ശേഖരണത്തിലുള്ള കാലതാമസത്തില്‍ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ ഡൊണേഷൻ ഡ്രൈവ് ആരംഭിച്ച ആദ്യ രണ്ട് ദിവസങ്ങളില്‍ തന്നെ ഡാറ്റ മോഷണമടക്കം 20,400 സൈബർ ആക്രമണങ്ങൾ നേരിട്ടതായി കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, പാര്‍ട്ടി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തില്‍ നേതാക്കളില്‍ പലരും ഒരു ലക്ഷം രൂപ വീതം സംഭാവന നല്‍കിയതിനെക്കുറിച്ച് മാക്കന്‍ കഴിഞ്ഞ ദിവസം എക്സില്‍ കുറിച്ചു. ഇതനുസരിച്ച് ഒരു ലക്ഷത്തിലധികം രൂപ സംഭാവന ചെയ്തവരുടെ പട്ടികയിൽ രാജസ്ഥാൻ യൂണിറ്റ് ഒന്നാമതെത്തി. അയ്യായിരത്തോളം ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് അംഗങ്ങൾ ഒരുമിച്ച് ഒരു കോടി രൂപ സംഭാവന നൽകിയതായും പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top