നവീൻ ബാബുവിൻ്റെ യാത്രയയപ്പ് നടന്നിട്ട് ഒരു മാസം; ആ പെൺമക്കള്‍ നീറുന്ന ദൃശ്യം; എങ്ങും എത്താത്ത അന്വേഷണം
എഡിഎം നവീന്‍ ബാബുവിന്റെ ദാരുണമായ ആത്മഹത്യയിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് ചടങ്ങ് നടന്നിട്ട് ഇന്ന് ഒരു മാസം. പല നാടകീയ നീക്കങ്ങളും കണ്ട സംഭവങ്ങളുടെയെല്ലാം തുടക്കം ഇവിടെ നിന്നായിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം പ്രതീക്ഷയോടെ വളര്‍ത്തി കൊണ്ടുവന്ന വനിതാ നേതാവുമായ പിപി ദിവ്യയുടെ വീഴ്ചയും അവിടെ തുടങ്ങി.
ഒക്ടോബര്‍ 14ന് കളക്ട്രേറ്റില്‍ നടന്ന ചടങ്ങിലേക്ക് ക്ഷണിക്കാതെ കയറിച്ചെന്ന പിപി ദിവ്യ, ഒരു ഉദ്യോഗസ്ഥനെ അപമാനിക്കാവുന്നതിന്റെ പരമാവധി ചെയ്തു. പെട്രോള്‍ പമ്പിന്റെ എന്‍ഒസിക്കായി കൈക്കൂലി വാങ്ങി എന്ന ധ്വനിയില്‍ സംസാരിച്ചു. സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അപമാനിതനായി ഇരിക്കുന്ന നവീന്‍ ബാബുവിന്റെ ദൃശ്യം ഇപ്പോഴും വേദനിപ്പിക്കുന്നതാണ്.
ഉദ്യോഗസ്ഥനെ അപമാനിക്കുക, ഒപ്പം അഴിമതിക്കെതിരായ യുദ്ധം എന്ന് പ്രചരിപ്പിക്കുക, ഇതിനെല്ലാം സ്വന്തമായി ഒരു വീഡിയോഗ്രാഫറെ വരെ കൂട്ടിയാണ് ദിവ്യയുടെ ഓപ്പറേഷന്‍ നടന്നത്. അന്നേ ദിവസം ദിവ്യയും അനുയായികളും അത് ഭംഗിയായി നടപ്പാക്കി. എന്നാല്‍ ഇരുട്ടി വെളുത്തപ്പോൾ ഇതിനെല്ലാം ഇരയായ നവീന്‍ ബാബു ആത്മഹത്യയുടെ വാർത്ത അറിഞ്ഞാണ് കേരളം ഉണർന്നത്.
ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് പിന്നാലെ വന്ന വിവരങ്ങള്‍ സര്‍വീസ് കാലത്ത് ഇതുവരെ നവീന്‍ ബാബു കാഴ്ചവച്ച അഴിമതിരഹിത പ്രവർത്തനം വ്യക്തമാക്കുന്നത് ആയിരുന്നു. ഇതോടെ പിപി ദിവ്യ പ്രതിക്കൂട്ടിലായി. നവീന്‍ ബാബുവിൻ്റെ കുടുംബം പത്തനംതിട്ടയിലെ എണ്ണംപറഞ്ഞ സിപിഎം കുടുംബം കൂടിയാണെന്ന് വന്നതോടെ വിവാദം കനത്തു. പിന്നെ കണ്ടത് ദിവ്യയെ സംരക്ഷിക്കാന്‍ കണ്ണൂര്‍ സിപിഎം നേതൃത്വവും നടപടിയെടുപ്പിക്കാന്‍ പത്തനംതിട്ട പാർട്ടി നേതൃത്വവും നടത്തുന്ന നീക്കങ്ങളായിരുന്നു.
പൊതുസമൂഹം കൂടി എതിരായതോടെ ദിവ്യയെ കൈവിടാന്‍ സിപിഎം നിര്‍ബന്ധിതരായി. ആദ്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം, പിന്നാലെ ജയിലില്‍, ഒടുവില്‍ പാര്‍ട്ടി നടപടിയും. ഇങ്ങനെ യാത്രയയപ്പ് പ്രസംഗത്തില്‍ ദിവ്യ തന്നെ പറഞ്ഞതു പോലെ, ഒരു നിമിഷം മതി എല്ലാം മാറി മറിയാന്‍ എന്ന് ദിവ്യക്ക് തന്നെ നേരിട്ട് അനുഭവിച്ചറിയാൻ പാകത്തിൽ ആയിരുന്നു ഓരോന്നും ഉരുത്തിരിഞ്ഞു വന്നത്. ഒപ്പം സ്വന്തം സഹപ്രവര്‍ത്തകനെ മരണശേഷവും വേട്ടയാടിന് ഇട്ടുകൊടുക്കുന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനും വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.
പത്തനംതിട്ടയിലെ നവീന്റെ കുടുംബം ഇപ്പോഴും നീറുന്ന ഓര്‍മ്മയിലാണ്. നാട്ടിലേക്ക് സ്ഥലം മാറിയെത്തുന്ന അച്ഛനൊപ്പം സന്തോഷത്തോടെയുള്ള ദിവസങ്ങള്‍ പ്രതീക്ഷിച്ച രണ്ടു പെണ്‍മക്കള്‍ക്കും ഭാര്യ മഞ്ജുഷക്കും മുന്നില്‍ എത്തിയത് മൃതദേഹമാണ്. പിതാവിന്റെ ചിതക്ക് തീ കൊളുത്തുന്ന ആ മകളുടെ ദൃശ്യം എല്ലാക്കാലവും ദിവ്യയെ വേട്ടയാടും എന്ന് ഉറപ്പാണ്. ഒപ്പം കുടുംബം തകര്‍ത്തവര്‍ ശിക്ഷ അനുഭവിക്കണമെന്ന് മഞ്ജുഷയുടെ വാക്കും.
നീറുന്ന വേദനയിലും നവീന്‍ ബാബുവിന് നീതിക്കായി ആ കുടുംബം പോരാട്ടത്തിലാണ്. പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതില്‍ നിര്‍ണ്ണായകമായത് ആ കുടുംബത്തിന്റെ അഭിഭാഷകന്റെ പോരാട്ടമാണ്. സിപിഎമ്മും സര്‍ക്കാരും നല്‍കിയ ഉറപ്പില്‍ വിശ്വസിക്കുകയാണ് കുടുംബം ഇപ്പോഴും. അത് ലംഘിച്ചാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. എന്നാല്‍ ദിവ്യയുടെ അറസ്റ്റ് അല്ലാതെ കാര്യമായൊന്നും ഈ അന്വേഷണം കൊണ്ട് ഉണ്ടായിട്ടില്ല. സംഭവം നടന്ന് ഒരു മാസം ആയിട്ടും ഇതുവരെ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി എടുത്തിട്ടില്ല. ഇന്ന് മൊഴി എടുക്കാന്‍ എത്തുമെന്നാണ് പോലീസ് കുടുംബത്തെ അറിയിച്ചിരിക്കുന്നത്. ദിവ്യ രാജിവച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിലേക്ക് ഇന്ന് പുതിയ ആളെത്തുകയും ചെയ്യും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here