തൃപ്പുണിത്തുറ സ്‌ഫോടനം നടന്ന് മാസം ഒന്നായിട്ടും റിപ്പോര്‍ട്ട് പോലും നല്‍കാതെ ജില്ലാ ഭരണകൂടം; വീട് പൂര്‍ണ്ണമായും തകര്‍ന്നവര്‍ സഹായത്തിനായി കാത്തിരിക്കുന്നു
കൊച്ചി: തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടം നടന്ന് ഒരുമാസം പിന്നിടുമ്പോഴും ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ ജില്ലാ ഭരണകൂടം. സംഭവസ്ഥലം സന്ദര്‍ശിച്ച സബ് കളക്ടര്‍ കെ.മീര രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് ഇതുവരെയും നല്‍കിയില്ല. ഇതോടെ അടിയന്തര സഹായങ്ങള്‍ ഉള്‍പ്പെടെ ലഭിക്കാതെ ദുരിതത്തിലാണ് പ്രദേശവാസികള്‍.
അപകടത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ പരിപൂര്‍ണ്ണമായി വീടുകള്‍ തകര്‍ന്ന പ്രദേശവാസികള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ല. ഈ ദുരന്തത്തില്‍ സര്‍ക്കാരിന് ഗുരുതരവീഴ്ച ഉണ്ടായിട്ടുണ്ടെന്നും ഇതില്‍നിന്നും ഒഴിയാനാകില്ലെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗൺസിൽ രൂപീകരിച്ചെങ്കിലും പ്രാദേശികമായി ലഭിച്ച സഹായങ്ങളുടെ പേരില്‍ നിലവില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. കരയോഗം ഭാരവാഹികള്‍ ഉള്‍പ്പെടെ ഇടപെട്ട് സ്‌ഫോടനത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിക്ക് സഹായം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം സ്‌ഫോടനത്തിന് കാരണക്കാരായ മുഴവന്‍ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല. അപകടം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഒന്‍പത് പേരെയാണ് പോലീസ് പിടികൂടിയത്. ഫെബ്രുവരി 12നാണ് സ്‌ഫോടനമുണ്ടായത്. 25പേര്‍ക്കാണ് പരിക്കേറ്റത്. പുതുതായി പണിത വീട് അടക്കം നൂറില്‍പ്പരം വീടുകളാണ് അപകടത്തില്‍ തകര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായത്. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനായി അനധികൃതമായി എത്തിച്ച സ്‌ഫോടക വസ്തുക്കള്‍ വാഹനത്തില്‍ നിന്ന് ഇറക്കുമ്പോഴാണ് ഉഗ്രസ്‌ഫോടനം നടന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here