കരുവന്നൂരിന് ഒരു രക്തസാക്ഷി കൂടി; പണത്തിന് കാത്ത് നില്‍ക്കാതെ ശശിയും യാത്രയായി; 14 ലക്ഷം നിക്ഷേപമുണ്ടായിട്ടും രോഗക്കിടക്കയിലായ അംഗപരിമിതന് നല്‍കിയത് രണ്ട് ലക്ഷം മാത്രം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. 14 ലക്ഷം രൂപ കരുവന്നൂരില്‍ നിക്ഷേപം ഉണ്ടായിരുന്നിട്ടും ചികിത്സാ സഹായത്തിന് പണം ലഭിക്കാതെയാണ് ശശിയുടെ മരണം. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശശിക്ക് സഹായമായി നിക്ഷേപം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. ഒടുവില്‍ പണത്തിന് കാത്ത് നില്‍ക്കാതെയാണ് ഓഗസ്റ്റ് മാസം ഒടുവില്‍ ശശി മരിച്ചതും. അസുഖത്തെത്തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ശശിക്ക് ചികിത്സയ്ക്ക് പണം ചോദിച്ചിട്ടും ബാങ്ക് ആകെ നൽകിയത് 1,90,000 രൂപ മാത്രമാണ് .
ഇരിഞ്ഞാലക്കുട അഞ്ചാം വാർഡിലെ കൊളങ്ങാട് ശശിയാണ് ഈ ഹതഭാഗ്യന്‍. ജന്മനാ അംഗപരിമിതനായ ശശിയുടെയും അമ്മയുടെയും പേരിൽ കരുവന്നൂർ ബാങ്കിൽ 14 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. കളിമണ്ണ് പണിക്കാരനായിരുന്ന പിതാവ് അഞ്ചുവർഷം മുൻപ് മരിച്ച ശേഷം പുരയിടം വിറ്റ കാശ് ബാങ്കിലിട്ട് അതിന്റെ പലിശ വാങ്ങിയാണ് ശശിയും മൂത്ത സഹോദരിയും 73 വയസുള്ള അമ്മ തങ്കയും ജീവിതം മുന്നോട്ട് നീക്കികൊണ്ടിരുന്നത്. അച്ഛന്റെ മരണത്തിന് തൊട്ട് പിന്നാലെ മൂത്ത സഹോദരിയും മരിച്ചു. ഏക ആശ്രയം ഇളയ സഹോദരി മിനിയും കുടുംബവുമായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ബുദ്ധിമുട്ടിച്ചിരുന്ന മിനിക്കും ജോലിക്ക് പോകാൻ നിവർത്തിയില്ല. ഇതിനിടയിലാണ് കഴിഞ്ഞ ഓഗസ്റ്റ് 22ന് യാദൃശ്ചികമായി ശശിക്ക് രക്തസമ്മർദ്ദം ഉണ്ടായി ഞരമ്പ് പൊട്ടിയത്. അടുത്തുള്ള എലൈറ്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബാങ്ക് സെക്രട്ടറി ശ്രീകലയോട് രാത്രി തന്നെ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചിരുന്നു. രാവിലെ ബാങ്കിൽ എത്തി അപേക്ഷ സമർപ്പിക്കാൻ പറഞ്ഞു. എന്നാൽ നൽകിയത് അക്കൗണ്ടിൽ ഉണ്ടായിരുന്ന 50000 രൂപയിൽ 25000 രൂപ മാത്രം. ബാക്കി തുക സ്ഥിര നിക്ഷേപമായി ഇട്ടിരിക്കുന്നതിനാൽ സമയ പരിധിക്ക് മുൻപ് പിൻവലിക്കാൻ കഴിയില്ലെന്നാണ് ബാങ്കിൽ ഇന്ന് അറിയിച്ചതെന്ന് ശശിയുടെ സഹോദരി മിനി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ബാങ്കിൽ നിന്ന് നിർബന്ധിച്ചാണ് എഫ് ഡി ആയി ഇട്ടത്. ഒടുവിൽ ബാങ്ക് കൈമലർത്തി. സാമ്പത്തിക സ്ഥിതി മോശമാണെന്നും പൈസ വളരെ അത്യാവശ്യമാണെന്നും വാർഡ് മെമ്പർ ഉൾപ്പെടെ ഇടപെട്ട് പറഞ്ഞിട്ടും ബാങ്കിന്റെ ഭാഗത്തുനിന്നും ഒരു പരിഗണനയും ഉണ്ടായില്ല.
എട്ട് ദിവസം ആശുപത്രിയിൽ കിടന്ന ശേഷം ഓഗസ്റ്റ് 30ന് ശശി മരണത്തിന് കീഴടങ്ങി. ശസ്ത്രക്രിയക്ക് ആശുപത്രിയിൽ കെട്ടിവെക്കാൻ വരെ കടം വാങ്ങിയാണ് തുക സംഘടിപ്പിച്ചത്. ആശുപത്രി ബില്ലുകൾ ഉൾപ്പെടെ കാണിച്ച് നിരവധി അപേക്ഷകൾ നൽകിയെങ്കിലും മൂന്നു പ്രാവശ്യമായി 19000 രൂപ മാത്രമാണ് ഇതുവരെ നൽകിയത്. സുഖമില്ലാത്ത അമ്മക്ക് മാസം മരുന്നിന് തന്നെ നല്ലൊരു തുക ചെലവാകും. സ്വന്തമായി ആകെ ഉള്ളത് ഓടിട്ട ഒരു ചെറിയ വീട് മാത്രമാണ്. അമ്മക്ക് മുന്നോട്ട് ഉള്ള ജീവിതത്തിന് ബാങ്കിൽ നിന്ന് തുക കിട്ടണം. പൈസ ഉണ്ടായിട്ടും സഹോദരന്റെ ജീവിൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇനി ഇങ്ങനൊരു സ്ഥിതി വരാൻ കഴിയില്ലെന്നും മിനി പറയുന്നു. സർക്കാരിന് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് കുടുംബം ഇപ്പോൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here