‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പഠിക്കാൻ എട്ടംഗ സമിതി; അമിത് ഷായും അധിർ രഞ്ജൻ ചൗധരിയും സമിതിയിൽ
ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പഠിക്കാൻ കേന്ദ്രം എട്ടംഗ സമിതി രൂപികരിച്ചു. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് സമിതി അധ്യക്ഷൻ. കേന്ദ്രമന്ത്രി അമിത് ഷാ ,ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി, മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്, പ്രശസ്ത അഭിഭാഷകൻ ഹരീഷ് സാൽവെ എന്നിവർക്ക് പുറമെ എൻ കെ സിംഗ്, ഡോ. സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കേന്ദ്ര നിയമ മന്ത്രി അർജുൻ മേഘ്‌വാൾ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമകാര്യ സെക്രട്ടറിക്ക് സമിതി സെക്രട്ടറിയായി ചുമതല നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് ഉൾപ്പെടെ ഒന്നിച്ചു നടത്താൻ പറ്റുമോയെന്നും സമിതി പഠിക്കും.
ഇതിനു മുൻപ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയത്തെക്കുറിച്ച് പഠിക്കാൻ മൂന്നു സമിതികളെ നിയമിച്ചിരുന്നു. ലോ കമ്മീഷൻ, നീതി ആയോഗ്, പാർലമെൻററി സ്റ്റാന്റിംഗ് കമ്മിറ്റി എന്നിവരാണ് വിഷയത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 1967വരെ പാർലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചായിരുന്നു നടന്നു വന്നിരുന്നത്.
2014ൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയം വീണ്ടും സജീവമായത്. ഇതേക്കുറിച്ചു പഠിക്കാൻ കേന്ദ്ര സർക്കാർ ലോ കമ്മീഷനോട് ആവശ്യപ്പെടുകയും 2018ൽ കമ്മീഷൻ കരട് റിപ്പോർട്ട് നൽകുകയും ചെയ്തു. 2015 ൽ രാജ്യസഭയുടെ പേഴ്‌സണൽ, പബ്ലിക് ഗ്രീവിയൻസ്, ലോ ആൻഡ് ജസ്റ്റിസ് പാർലമെൻററികാര്യ സമിതി ഈ വിഷയം പഠിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. 2018 ഫെബ്രുവരിലാണ് നീതി ആയോഗ് തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതിനെക്കുറിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here