ആടുജീവിതം ഫെയിം അണലികൾ; സിനിമ വൻവിജയമാകുമ്പോൾ ഉഗ്രവിഷകാരിയായ കൊമ്പുള്ള മണല്‍ പാമ്പുകളുടെ സ്വഭാവവിശേഷങ്ങൾ ചർച്ചയാകുന്നു

ആടുജീവിതം സിനിമയില്‍ മരുഭൂമിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നജീബും ഹക്കീമും നേരിട്ട വെല്ലുവിളികളില്‍ ഒന്നായിരുന്നു പാമ്പ്. മരുഭൂമിയിലെ മണലിന്റെ നിറത്തിലുള്ള പാമ്പിനെ തിരിച്ചറിയാന്‍ വല്ലാത്ത പ്രയാസമാണ്. സിനിമയില്‍ പറയുന്നതുപോലെ കൊടിയ വിഷമുള്ള ഈ മണല്‍ പാമ്പുകള്‍ കടിച്ചാല്‍ മരണമോ, മരണം വരെയുള്ള രോഗാവസ്ഥയോ സംഭവിക്കുമെന്ന കാര്യം ഉറപ്പാണ്. പ്രതീക്ഷയറ്റ് മരുഭൂമിയില്‍ കഴിഞ്ഞ യഥാര്‍ത്ഥ നജീബും ഈ പാമ്പിന്റെ കടിയേറ്റ് മരിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ എന്താണ് ഈ കൊമ്പുള്ള മണല്‍പ്പാമ്പ്?

മരുഭൂമികളില്‍ മാത്രം കാണപ്പെടുന്ന ഒരുതരം വൈപ്പര്‍ (അണലി) ഇനത്തില്‍പ്പെട്ട കൊമ്പുള്ള പാമ്പാണ് സഹാറ സാന്‍ഡ് വൈപ്പര്‍. മണലിന്റെ നിറമുള്ള അണലികള്‍ ഒളിച്ചിരിക്കാന്‍ വിദഗ്ദരായതിനാല്‍ ഇവയെ തിരിച്ചറിയാനും പ്രയാസമാണ്. മരുഭൂമിയിലെ ചൂടില്‍ ആശ്വാസം ലഭിക്കാന്‍ സ്വയം മണലിനടിയില്‍ മൂടിയിട്ടാണ് ജീവിക്കുന്നത്. എലികളുടെയും പല്ലികളുടെയും മാളങ്ങളിലും ഒളിക്കാറുണ്ട്. വെയില്‍ നേരിട്ട് മുഖത്തടിക്കുന്നത് തടയാന്‍ തലയ്ക്ക് മുന്‍പേ ശരീരം നീക്കിക്കൊണ്ടാണ് ഇവ ചലിക്കുന്നത്. ഭീഷണി നേരിടുമ്പോള്‍ കിതയ്ക്കുന്ന ശബ്ദം പുറപ്പെടുവിക്കാന്‍ കഴിവുള്ള കൊമ്പന്‍ അണലികളാണിവ. സാധാരണ പാമ്പുകള്‍ മൂക്കിലൂടെ ഉണ്ടാക്കുന്ന ശബ്ദത്തിനു പകരമായാണ് ഇവ ഇഴഞ്ഞു നീങ്ങുമ്പോള്‍ ശബ്ദം പുറപ്പെടുവിക്കുന്നത്.

കണ്ണിന് മുകളിലുള്ള കൊമ്പുകളാണ് മറ്റൊരു പ്രത്യേകത. മണലിനടിയില്‍ തങ്ങുമ്പോള്‍ കണ്ണിനെ സംരക്ഷിക്കാനാണ് പ്രധാനമായും കൊമ്പുകള്‍ ഉപയോഗിക്കുന്നത്. മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ മണല്‍ നീങ്ങുന്നതിനാല്‍ ഇരുവശങ്ങളിലേക്ക് തെന്നിതെന്നി നീങ്ങിയാണ്‌ ഇഴയുന്നത്. അതിനാല്‍ വേഗത്തില്‍ സഞ്ചരിച്ച് പെട്ടെന്ന് ഇരകളെ ആക്രമിക്കാന്‍ കഴിയും. 10 മുതല്‍ 45 മില്ലിഗ്രാം വിഷമാണ് ഇവയില്‍ ഉള്ളത്. ജീവികളെ ആക്രമിക്കുമ്പോള്‍ ഒറ്റത്തവണ 20 മില്ലിഗ്രാം വിഷം വരെ ഒറ്റയടിക്ക് പുറംതള്ളാന്‍ ശേഷിയുണ്ട്. എലി, പല്ലി, പക്ഷികള്‍ എന്നിവയാണ് പ്രധാന ഇരകള്‍. രാത്രികാലങ്ങളില്‍ ഏറെ ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്നതിനാല്‍ ആ നേരത്താണ് ഇരകളെ തേടുന്നത്.

ആടുജീവിതത്തിലെ പാമ്പിന്‍റെ സീനുകള്‍ യഥാര്‍ത്ഥ സഹാറ സാന്‍ഡ് വൈപ്പറുകളെ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. അഞ്ചോ ആറോ മണല്‍ പാമ്പുകളെ ഉപയോഗിച്ച് ഷൂട്ട്‌ ചെയ്തശേഷം ഇവയെ കംപ്യൂട്ടര്‍ ഗ്രാഫിക്സ് വച്ച് ഇരട്ടിപ്പിച്ചാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഇവയെ കൈകാര്യം ചെയ്യാൻ വൈദഗ്ധ്യമുള്ള പ്രദേശവാസികളുടെ സഹായം തേടിയാണ് ചിത്രീകരണം നടത്തിയത്. വളരെ വേഗത്തില്‍ നീങ്ങുന്ന പാമ്പുകളായതിനാല്‍ ഐഫോണ്‍ ഉപയോഗിച്ചും ഷൂട്ട്‌ ചെയ്തതായി ഛായാഗ്രാഹകൻ സുനിൽ കെ.എസ്. വെളിപ്പെടുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top