ഉണങ്ങാത്ത മുറിവുകളുമായി മണിപ്പൂര്‍; നഗ്നരായി കൈകൂപ്പി യാചിക്കുന്ന വനിതകള്‍ ഇന്ത്യയുടെ നോവ്; ശമനമില്ലാത്ത കലാപത്തിന് ഒരാണ്ട്

ഇംഫാല്‍: ഇനിയും അവസാനിച്ചിട്ടില്ലാത്ത മണിപ്പൂര്‍ കലാപത്തിന് ഒരാണ്ട്. ഹിന്ദു വിഭാഗത്തില്‍പ്പെട്ട മെയ്‌തേയ്ക്കാരും ക്രൈസ്തവരായ കുക്കി വിഭാഗക്കാരും തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം മെയ് മൂന്നിനായിരുന്നു .

മെയ്‌തേയ് വിഭാഗക്കാരെ പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തി പ്രാപിച്ച ഘട്ടത്തിലാണ് കലാപം പൊട്ടിപ്പുറപ്പെടുന്നത്. സംസ്ഥാനത്തെ രണ്ട് പ്രബല സമുദായങ്ങള്‍ ചേരിതിരിഞ്ഞ് കൊള്ളയും കൊലയും തീവെയ്പ്പും നടത്തിയപ്പോള്‍ ബിജെപി മുഖ്യമന്ത്രി ബീരേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കാഴ്ചക്കാരന്റെ റോളിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കലാപം അമര്‍ച്ച ചെയ്യുന്നതില്‍ സമ്പൂര്‍ണ്ണ പരാജയമായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കലാപത്തെ അപലപിക്കുകയോ, മണിപ്പൂര്‍ സന്ദര്‍ശിക്കാനോ തയ്യാറായില്ല. ഒരു വര്‍ഷം ആയിട്ടും ഏറ്റുമുട്ടലുകള്‍ പൂര്‍ണ്ണമായി അവസാനിച്ചിട്ടുമില്ല. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളെ ആശ്വസിപ്പിക്കാനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുന്നിട്ടിറങ്ങിയത് ശ്രദ്ധേയമായിരുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അറിയപ്പെടുന്ന നേതാക്കളാരും ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാതിരുന്നതും ചര്‍ച്ചാ വിഷയമായിരുന്നു.

രണ്ട് കുക്കി സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം നഗ്‌നരായി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഗോത്ര നേതാക്കളുടെ ഫോറം (ഐടിഎല്‍എഫ്) ആണ് മെയ്‌തേയ് വിഭാഗക്കാരുടെ ക്രൂരകൃത്യം പുറത്ത് എത്തിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് നാലിനായിരുന്നു സംഭവം നടന്നത്. തലസ്ഥാനമായ ഇംഫാലില്‍നിന്ന് 35 കിലോമീറ്റര്‍ മാത്രം അകലെയുള്ള കാങ്പോപ്പി ജില്ലയിലാണ് സംഭവമുണ്ടായത്. രണ്ടു സ്ത്രീകളും കൈകൂപ്പി യാചിച്ചിട്ടും അവര്‍ക്കെതിരെ പരസ്യമായി ലൈംഗികാതിക്രമം തുടര്‍ന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതികളെ തിരിച്ചറിയുന്നതിനാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

രണ്ടുസ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തില്‍ പോലീസിന് ഗുരുതരവീഴ്ച പറ്റിയതായി ഇക്കഴിഞ്ഞ ദിവസം സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹായംതേടി ഇരകള്‍ പോലീസ് വാഹനത്തിനടുത്ത് എത്തിയിട്ടും വണ്ടിയുടെ താക്കോലില്ലെന്നാണ് പോലീസുകാര്‍ മറുപടി നല്‍കിയത്. നഗ്‌നരാക്കി നടത്തിയശേഷം ഇരുവരും ലൈംഗികാതിക്രമത്തിന് ഇരയായെന്നും കുറ്റപത്രത്തില്‍ പറയുന്നു. 6 പേരെ പ്രതി ചേര്‍ത്തിരുന്നു.

കലാപത്തെത്തുടര്‍ന്ന് 40000ത്തിലധികം പേരാണ് പലായനം ചെയ്യപ്പെട്ടത്. 250ലധികം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തീയിട്ട് നശിപ്പിച്ചു, 200ലധികം പേര്‍ കലാപത്തില്‍ കൊല ചെയ്യപ്പെട്ടെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. അനേകായിരങ്ങള്‍ ഇപ്പോഴും ക്യാമ്പുകളിലും മറ്റുമായി കഴിയുന്നുണ്ട്. പുന:രധിവാസമൊക്കെ കടലാസില്‍ ഉറങ്ങുകയാണ്. തിരഞ്ഞെടുപ്പ് കാലത്തും ഏറ്റുമുട്ടലുകളും സംഘര്‍ഷങ്ങളും പതിവായിരുന്നു.

കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഗോഹട്ടി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള സമിതിയാണ് വിശദമായ അന്വേഷണം നടത്തുക.ആദ്യ സിറ്റിങ്ങിനു ശേഷം ആറു മാസത്തിനുള്ളിലാണ് കമ്മിഷനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിരമിച്ച ഐഎഎസ് ഓഫിസര്‍ ഹിമാന്‍ഷു ശേഖര്‍ ദാസ്, വിരമിച്ച ഐപിഎസ് ഓഫിസര്‍ അലോക പ്രഭാകര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top