കസ്റ്റംസ് ചമഞ്ഞ് വീഡിയോ കോളിൽ ചോദ്യംചെയ്യൽ, അറസ്റ്റ് ഭീഷണി; തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് പോയത് രണ്ടുകോടി

തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വീഡിയോ കോളിൽ ചോദ്യംചെയ്യാനെത്തി ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൻ്റെ ഏറ്റവും പുതിയ വേർഷൻ. തൻ്റെ പേരിൽ പാഴ്സല്‍ വഴി ലഹരിമരുന്ന് എത്തിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തിരുവനന്തപുരം സ്വദേശിയിൽ നിന്ന് തട്ടിയത് രണ്ടുകോടി രൂപ. തിരുവനന്തപുരം സിറ്റി പോലീസ് കേസ് റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായ പ്രതികള്‍ക്ക് സ്വര്‍ണ കച്ചവടത്തിലും ഓഹരി വ്യാപാരത്തിലും കോടികളുടെ നിക്ഷേവും.

നിങ്ങളുടെ മേല്‍വിലാസത്തില്‍ ഒരു പാഴ്സല്‍ വന്നിട്ടുണ്ട്. അതില്‍ മാരക ലഹരിപദാര്‍ത്ഥമായ എംഡിഎംഎ ഉള്ളതായി മുംബൈ കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിന് മുന്‍പായി ഓണ്‍ലൈന്‍ വഴി ചോദ്യം ചെയ്യണം. ഇങ്ങനെ ആയിരുന്നു ഫോണ്‍ കോള്‍. പിന്നാലെ യൂണിഫോം ധരിച്ച ഒരാള്‍ വീഡിയോ കോളില്‍ എത്തി. അതിവിദഗ്ദമായി ബാങ്ക് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് നിമിഷങ്ങള്‍ക്കകം ഒരു രൂപ പോലും അവശേഷിക്കാതെ അക്കൗണ്ട്‌ കാലിയാക്കി. രണ്ട് കോടിയാണ് തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത്.

തട്ടിപ്പ് നടന്നെന്ന് തിരിച്ചറിഞ്ഞതോടെ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിയെടുത്ത പണം ആദ്യം ചെന്നത് രാജസ്ഥാൻ സ്വദേശിയുടെ അക്കൗണ്ടിലേക്കെന്ന് കണ്ടെത്തി. അക്കൗണ്ട്‌ ഉടമയെ സൈബര്‍ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍, ഒരു അക്കൗണ്ട് തുടങ്ങി പണം വാങ്ങി വിറ്റതല്ലാതെ മറ്റൊന്നും അറിയില്ലെന്നായിരുന്നു അയാളുടെ മൊഴി. തുടരന്വേഷണത്തില്‍ തട്ടിപ്പിന്‍റെ മുഖ്യകണ്ണിയായ കേശവ് എന്നയാളെ മുംബൈ പോലീസ് പിടികൂടി. തട്ടിപ്പിലൂടെ പ്രതി കോടികള്‍ സമ്പാദിച്ചുകൂട്ടിയതായി കണ്ടെത്തി.

പോലീസ് അന്വേഷണം വഴിമുട്ടിക്കാന്‍ തട്ടിയെടുത്ത പണം സ്വർണ വജ്രവ്യാപരത്തിലും ഓഹരിവിപണിയിലും നിക്ഷേപിക്കും. സ്വയം തൊഴിൽ സംരംഭങ്ങൾക്കാണെന്ന വ്യാജേന നിരവധി പേരെക്കൊണ്ട് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിച്ച് തട്ടിപ്പ് സംഘം ഇടപാടുകള്‍ നടത്തും. തട്ടിപ്പ് നടത്താൻ മുംബൈയിൽ ഒരു കോൾ സെന്റർ വരെ സ്ഥാപിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top