ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ക്ക് പിടി വീഴും

ന്യുഡല്‍ഹി: ഓണ്‍ലൈന്‍ വായ്പാ ആപ്പുകളെ നിയന്ത്രിക്കാനായി നിയമങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

റിസര്‍വ് ബാങ്കുമായി ആലോചിച്ച് അനുവദനീയമായ ആപ്പുകളുടെ പട്ടിക കൊണ്ടുവരും. നിലവിലെ ഐടി സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു ഇടപെടാന്‍ പരിമിതികളുണ്ട്. ഡിജിറ്റല്‍ ഇന്ത്യ ആക്റ്റിലുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ ഓണ്‍ലൈന്‍ വായ്പാ കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തിരുന്നു. ഓണ്‍ലൈന്‍ ആപ്പിലൂടെ പണം വായ്പയായി എടുത്ത ശേഷം തിരിച്ചടയ്ക്കുന്നതിനായി മരിച്ച ശില്പയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിന്റെ മനോവിഷമത്തിലാണ് കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചത്. എന്നാല്‍ മരണശേഷവും ആപ്പുകാര്‍ ശില്പയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രചരിപ്പിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ആപ്പിനായുള്ള അന്വേഷണം പോലിസ് നടത്തിവരുകയാണ്.

സമാന കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്. ഓണ്‍ലൈനില്‍ റമ്മി കളിച്ചു പണം നഷ്ടപെട്ടതിന്റെ മനോവിഷമത്തില്‍ ഇന്നലെ കാസര്‍ഗോഡ് സ്വദേശി ആത്മഹത്യ ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top