ഓണലൈൻ ചതിയുടെ പേരിൽ തട്ടിക്കൊണ്ടുപോകൽ, മർദ്ദന പരമ്പര; പോലീസിന് തലവേദന

ഓണലൈൻ തട്ടിപ്പിൻ്റെ പേരിൽ കേസെടുത്ത് രണ്ടുപേരെ അറസ്റ്റു ചെയ്തതിന് പിന്നാലെ തലസ്ഥാന നഗരത്തിൽ അരങ്ങേറിയത്, രണ്ട് തട്ടിക്കൊണ്ടുപോകലും മർദ്ദനവും. മൂന്നു കേസുകളിലായി മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. തിരുവനന്തരപുരത്ത് താമസക്കാരായ സഹോദരങ്ങൾ അഖിൽ ജിയോ ജേക്കബ്, അനു മറിയം ജേക്കബ് എന്നിവരാണ് ആദ്യ കേസിൽ പ്രതികൾ. പരാതിക്കാരനായ പാപ്പനംകോട് തൈക്കാട് ഹൌസിൽ ഷാജി സുദർശനനെ ഓണലൈൻ ബിസിനസിൻ്റെ പേരിൽ കബളിപ്പിച്ച് 75.5 ലക്ഷം തട്ടിയെടുത്തു എന്നാണ് കേസ്. ഈ കേസിൽ ഒരു പ്രതി കൂടിയുണ്ട്. ഇവരുടെ സുഹൃത്തായ അമൽ. ഇയാൾ വിദേശത്തേക്ക് കടന്നെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഈ പ്രതികളിൽ പ്രധാനിയായ അഖിലിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതിന് രണ്ടു കേസുകൾ കൂടി തിരുവനന്തപുരം മ്യൂസിയം പോലീസ് റജിസ്റ്റർ ചെയ്തു. ആദ്യ കേസിലെ പരാതിക്കാരനായ ഷാജി സുദർശനനാണ് ഇതിലെ ഒന്നാം പ്രതി. അഖിലിനെ കാണാനില്ല എന്ന സഹോദരിയും കൂട്ടുപ്രതിയുമായ അനു മറിയം ജേക്കബിൻ്റെ പരാതിയിൽ തിരച്ചിൽ നടത്തിയ പൊലീസ്, ഷാജി സുദർശൻ്റെ നിയന്ത്രണത്തിൽ തൈക്കാട്ടുള്ള ഒരു കെട്ടിടത്തിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി ട്രിവാൻഡ്രം ക്ലബ്ബിലെ ഒരു മുറിയിൽ ഒളിവിൽ താമസിച്ച അഖിലിനെ അന്നുരാത്രിതന്നെ മറ്റൊരു സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചു. തിരുവനന്തപുരം സ്വദേശി വിവേക് എന്നയാൾ ഈ കേസിൽ അറസ്റ്റിലായി. ഇയാളുടെ അഞ്ചു സുഹൃത്തുക്കളും ഈ കേസിൽ പ്രതികളാണ്. വിവേകിൻ്റെയും സുഹൃത്തുക്കളുടെയും പക്കൽനിന്ന് ഒന്നര കോടി രൂപയോളം അഖിലും സഹോദരിയും ചേർന്ന് തട്ടിയെടുത്തെന്നാണ് പരാതി. ഈ കേസുകളിലെല്ലാം പോലീസ് അന്വേഷണം നടത്തിവരികയാണ്.
അഖിലും സഹോദരിയും സുഹൃത്തുക്കളും ചേർന്ന് കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ നാലര കോടി രൂപയിലേറെ രൂപയുടെ ക്രയവിക്രയം നടന്നിട്ടുള്ളതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ട്രേടിങ്ങിലൂടെ പണം ഇരട്ടിപ്പിച്ചു നൽകാമെന്നാണ് പരാതിക്കാർക്കെല്ലാം ഇവർ നൽകിയിരുന്ന വാഗ്ദാനം. ഏതായാലും ഒരൊറ്റ തട്ടിപ്പ് കേസിൻ്റെ പേരിൽ തുടരെ കേസുകൾ വരുന്നത് പോലീസിനും തലവേദനയാകുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here