കേരളത്തിലെ കുട്ടികളെ മറയാക്കി തട്ടിപ്പ് സംഘം; മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തെന്ന കോള്‍ സൂക്ഷിക്കാന്‍ മുന്നറിയിപ്പ്

സ്കൂൾ, കോളജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് വ്യാപകമായി ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നതായി പോലീസ്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യലിനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞാണ് തട്ടിപ്പുകൾ നടക്കുന്നതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
വാട്സ്ആപ്പ് കോളുകൾ വഴിയാണ് തട്ടിപ്പുകാർ മാതാപിതാക്കളെ സമീപിക്കുന്നത്. യുപിഐ ആപ്പ് വഴി പണം അയച്ചാൽ കുട്ടിയെ വിട്ടു നൽകാം എന്ന് മാതാപിതാക്കളെ വിശ്വസിപ്പിക്കുകയും ചെയ്യും. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന് പോലീസ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി. ഇങ്ങനെ പണം നഷ്ടമായാൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിൽ അറിയിക്കണമെന്നാണ് പോലീസിൻ്റെ നിർദേശം.
കേരള പോലീസിൻ്റെ മുന്നറിയിപ്പിൻ്റെ പൂർണരൂപം
സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്.
മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ പോലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നു. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു.
ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യുപിഐ ആപ്പ് മുഖേന പണം നൽകാനാണ് അവർ ആവശ്യപ്പെടുക. 50,000 രൂപ മുതൽഎത്ര തുകയും അവർ ആവശ്യപ്പെടാം. പണം ഓൺലൈനിൽ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം നിങ്ങൾക്ക് മനസ്സിലാകുകയുള്ളൂ.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെടാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുക. അഥവാ ഇങ്ങനെ പണം നഷ്ടമായാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കാൻ ശ്രമിക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here