വിറ്റ വസ്തു മാറ്റിനൽകില്ല എന്ന നിലപാട് ഉപഭോക്തൃ നിയമത്തിനെതിര്; ഓൺലൈൻ ഷോപ്പിന് പിഴയീടാക്കി കോടതി

വിറ്റ ഉൽപ്പന്നം തിരിച്ചെടുക്കുകയോ മാറ്റിനൽകുകയോ ചെയ്യാത്ത ആലപ്പുഴയിലെ ഇഹ ഡിസൈൻസ് ബ്രൈഡൽ സ്റ്റുഡിയോ എന്ന ഓൺലൈൻ സ്ഥാപനത്തിന് 9000 രൂപ പിഴയീടാക്കി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. ഉൽപന്നത്തിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും അടക്കം തുക ഉപഭോക്താവിന് നൽകാൻ ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഉത്തരവിട്ടു. എറണാകുളം ഇടപ്പള്ളി സ്വദേശി ലിസ കെ.ജി. സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

അധ്യാപികയായ പരാതിക്കാരി 1,395 രൂപക്കാണ് ഓൺലൈനിൽ ചുരിദാർ ഓർഡർ ചെയ്തത്. ഓർഡർ നൽകിയതിന് പിന്നാലെ തന്നെ കളർ ചെയ്ഞ്ച് ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന് എതിർകക്ഷി അറിയിച്ചു. ഇതോടെ ഓർഡർ റദ്ദാക്കാൻ പരാതിക്കാരി ശ്രമിച്ചെങ്കിലും അതിനും സമ്മതിച്ചില്ല. നൽകിയ തുക മറ്റ് ഓർഡറുകൾക്ക് ക്രെഡിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അതും നിരസിക്കപ്പെട്ടു. ചുരിദാർ അയച്ചു കഴിഞ്ഞു എന്നാണ് എതിർകക്ഷി അറിയിച്ചത്. എന്നാൽ തപാൽ രേഖകൾ പ്രകാരം അത് തെറ്റായിരുന്നു എന്ന് പരാതിക്കാരി കോടതി മുമ്പാകെ ബോധിപ്പിച്ചു.

തപാലിൽ ലഭിച്ച ഉൽപ്പന്നം പരാതിക്കാരിയുടെ അളവിലല്ലെന്ന് മനസ്സിലായതോടെ അത് തിരികെ അയക്കാൻ വീണ്ടും ശ്രമിച്ചെങ്കിലും സ്വീകരിക്കാതെ എതിർകക്ഷി തിരിച്ചയച്ചു. തുക റീഫണ്ട് ചെയ്യാനും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് 1395 രൂപ തിരിച്ചു നൽകണമെന്നും നഷ്ടപരിഹാരവും കോടതി ചെലവും എതിർകക്ഷിയിൽ നിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

“വിറ്റ ഉൽപ്പന്നം ഒരു കാരണവശാലും മാറ്റി നൽകുകയോ തിരിച്ചെടുക്കുകയോ ചെയ്യില്ല” എന്ന നിലപാട് അധാർമികമായ വ്യാപാര രീതിയാണെന്ന് വ്യക്തമാക്കി, സംസ്ഥാന സർക്കാർ 2007 നവംബർ മാസം പുറപ്പെടുവിച്ച ഉത്തരവ് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് ലംഘിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അധാർമിക വ്യാപാര രീതിയാണ്. ഈ സാഹചര്യത്തിൽ പരാതിക്കാരിയിൽ നിന്ന് ഈടാക്കിയ 1395 രൂപ തിരിച്ചു നൽകാനും നഷ്ടപരിഹാരമായി 3000 രൂപയും കോടതി ചെലവിനത്തിൽ 5000 രൂപയും നൽകാനും എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി. പരാതിക്കാരിക്കുവേണ്ടി അഡ്വ.ജസ്വിൻ പി.വർഗീസ് കോടതിയിൽ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top