സോളാര്‍ പീഡനക്കേസില്‍ തന്നെ കുരുക്കിയെന്നു ആത്മകഥയില്‍ ഉമ്മന്‍ ചാണ്ടി; തെളിവാക്കി സിബിഐ അന്വേഷണ റിപ്പോര്‍ട്ട്; ഇനിയും പലതും തെളിഞ്ഞുവരും; വിവാദമായി ‘കാലം സാക്ഷി’

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിടപറഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ആത്മകഥ പ്രകാശിതമായിരിക്കുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഉമ്മന്‍ ചാണ്ടിയുമായി വ്യക്തിപരമായി അടുപ്പം വെച്ച് പുലര്‍ത്തുകയും ചെയ്തിരുന്ന സണ്ണിക്കുട്ടി എബ്രഹാമാണ് ഇന്ന് പ്രകാശനം ചെയ്ത കാലം സാക്ഷി എന്ന പുസ്തകം രചിച്ചിരിക്കുന്നത്. മാതൃഭൂമി ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയെ ആസൂത്രിതമായി കുടുക്കുകയായിരുന്നുവെന്ന സിബിഐ റിപ്പോര്‍ട്ട് എക്സ്ക്ലൂസീവായി മാധ്യമ സിന്‍ഡിക്കേറ്റ് പുറത്ത് വിടുകയും രാഷ്ട്രീയ കേരളം അത് ചര്‍ച്ചചെയ്യുകയും ഇന്നത്തെ നിയമസഭാ സമ്മേളനത്തില്‍ ഈ റിപ്പോര്‍ട്ട് ശബ്ദായമാനമായ രംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുമ്പോള്‍ തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയും പ്രകാശിതമായിരിക്കുന്നത്.

സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ വിസ്ഫോടനാത്മകമായ പല വെളിപ്പെടുത്തലുകളും അടങ്ങിയിരിക്കുന്നതാണ് കാലം സാക്ഷി. സോളാര്‍ പീഡനക്കേസില്‍ തന്നെ ആസൂത്രിതമായി കുരുക്കുകയായിരുന്നുവെന്ന സിബിഐ കണ്ടെത്തല്‍ ഉമ്മന്‍ ചാണ്ടി ആദ്യമേ അറിഞ്ഞിരുന്നുവെന്നുള്ള മാധ്യമ സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് ആത്മകഥയും. കാലം സാക്ഷിയുടെ 360 ആം പേജിലാണ് സോളാര്‍ പീഡനക്കേസില്‍ സിബിഐ തന്നെ കുറ്റവിമുക്തനാക്കിയിരിക്കുന്നത് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടുന്നത്. കുറ്റവിമുക്തനാക്കി സിബിഐ എന്ന തലക്കെട്ടിലാണ് ഉമ്മന്‍ ചാണ്ടി ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ക്ലിഫ് ഹൗസില്‍ വരെ അന്വേഷണം നടത്തി 100 ലധികം പേരുടെ മൊഴികള്‍ എടുത്താണ് തന്നെ കുറ്റവിമുക്തനാക്കി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്-ഉമ്മന്‍ ചാണ്ടി എഴുതുന്നു.

ആ സമയത്ത് ഞാന്‍ ക്ലിഫ് ഹൗസില്‍പോലും ഉണ്ടായിരുന്നില്ലെന്ന് സിബിഐ കണ്ടെത്തി. എനിക്കൊപ്പം ആരോപണം നേരിട്ട അഞ്ചു പേരെയും സിബിഐ കുറ്റവിമുക്തനാക്കി. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഒന്നിനെയും ഭയപ്പെടേണ്ട എന്ന എന്റെ വിശ്വാസം ശരിയെന്നു ഒരിക്കല്‍ക്കൂടി തെളിഞ്ഞു. വിവാദ കത്ത് സോളാര്‍ റിപ്പോര്‍ട്ടിന്റെ ഭാഗമല്ലാതാക്കി ഹൈക്കോടതി മാറ്റിയതോടെ സോളാര്‍ റിപ്പോര്‍ട്ട് തന്നെ അപ്രസക്തമായി മാറിയതായി ഉമ്മന്‍ ചാണ്ടി ആത്മകഥയില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി വിധിയെ ഡിവിഷന്‍ ബെഞ്ചിലോ സുപ്രീംകോടതിയിലോ ചോദ്യം ചെയ്യാനുള്ള ധൈര്യം സര്‍ക്കാര്‍ പ്രകടിപ്പിച്ചില്ല.

തട്ടിപ്പ് കേസിലെ പ്രതിയോട് പരാതിക്കാരിയെ ഞാന്‍ ക്ലിഫ് ഹൗസില്‍ വെച്ച് ഞാന്‍ പീഡിപ്പിച്ചു എന്ന പരാതി എഴുതി വാങ്ങി അത് അന്വേഷിക്കാന്‍ ആറു അന്വേഷണ സംഘങ്ങളെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഡിജിപി രാജേഷ് ദിവാനും ഐജി ദിനേശ് കാശ്യപിനും ഒരു തെളിവും ലഭിച്ചില്ല. എഡിജിപി അനില്‍ കാന്ത് വന്നു. എല്ലാവരും കേസ് വെച്ചോഴിഞ്ഞു. അന്വേഷണം സിബിഐയ്ക്ക് വിട്ടു. എനിക്ക് എതിരെ തെളിവില്ലെന്നാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്.

പരാതിക്കാരിയുടെ 21 പേജുള്ള കത്ത് പിന്നീട് 25 പേജായി മാറി. കെ.ബി.ഗണേഷ് കുമാറിനും പരാതിക്കാരിയ്ക്കും എതിരെ കോടതി വേറെ കേസെടുത്തു. കൃത്രിമ രേഖ ചമയ്ക്കല്‍, ഗൂഡാലോചന എന്നിവയാണ് കുറ്റങ്ങളായി കോടതി ചേര്‍ത്തത്. സോളാറിന്റെ പേരില്‍ എന്നെയും പാര്‍ട്ടിയെയും കുരുക്കാന്‍ ആസൂത്രിത ഗൂഡാലോചനയാണ് നടന്നത്. പ്രമുഖ സിപിഎം നേതാവിന്റെ ദൂതന്‍ പത്ത് കോടി രൂപ വാഗ്ദാനം ചെയ്തെന്നു വെളിപ്പെടുത്തിയത് പരാതിക്കാരി തന്നെയാണ്. ഇടതുമുന്നണി അധികാരത്തിലെത്തി ഏഴു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം നടത്തി കുറ്റം തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ സത്യങ്ങള്‍ ഓരോന്നായി തെളിഞ്ഞു വരുകയാണ്. ഇനിയും പലതും തെളിഞ്ഞുവരാനുണ്ട്. അത് എന്റെ കാലശേഷമായിരിക്കും. സത്യത്തെ പുകമറയില്‍ എല്ലാ കാലവും ഒളിച്ച് വയ്ക്കാന്‍ കഴിയില്ല-നൊമ്പരങ്ങള്‍ നിറഞ്ഞ വരികള്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടി കുറിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top