ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തത് സോളാര്‍ നായിക; ആ രഹസ്യം ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തുന്നു
സോളാര്‍ വിവാദം ആഞ്ഞടിക്കുന്ന വേളയില്‍ തന്നെ ഒരാള്‍ ബ്ലാക്ക് മെയില്‍ ചെയ്തെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തിയിരുന്നു. ഒരാളുടെ ബ്ലാക്ക് മെയിലിങ്ങില്‍ വീണു പോയെന്നാണ് കെപിസിസി ആസ്ഥാനത്ത് അദ്ദേഹം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. തന്നെ ബ്ലാക്ക് മെയില്‍ ചെയ്തത് ആര്‍ ബാലകൃഷ്ണപിള്ളയല്ലെന്നും ആ ആരോപണം താന്‍ പൂർണ്ണമായും നിഷേധിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ സോളാറില്‍ ഉമ്മന്‍ ചാണ്ടി ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ടു എന്നത് വാര്‍ത്തകളില്‍ നിറഞ്ഞു.
എന്നാല്‍ ആരാണ് ബ്ലാക്ക് മെയില്‍ ചെയ്തത് എന്ന രഹസ്യം അദ്ദേഹം മരിക്കുംവരെ മറനീക്കിയില്ല. സോളാര്‍ വിവാദം ആസ്പദമാക്കി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം എഴുതിയ ‘സോളാര്‍ (വി) ശേഷ’ത്തിലൂടെ ഈ ചോദ്യത്തിന് ഉത്തരമാകുന്നു. ഇന്ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ശശി തരൂര്‍ എംപി കവയിത്രി റോസ് മേരിക്ക് നല്‍കിയാണ് ‘സോളാര്‍ (വി) ശേഷം’പ്രകാശനം ചെയ്തത്.
ഉമ്മന്‍ ചാണ്ടിക്ക് വളരെ അടുപ്പമുള്ള ഒരാളോടാണ് ആ സത്യം അദ്ദേഹം വെളിപ്പെടുത്തിയത് എന്നാണ് ജോണ്‍ മുണ്ടക്കയം എഴുതുന്നത്. സോളാര്‍ നായിക തന്നെയാണ് ഉമ്മന്‍ ചാണ്ടിയെ ആ ഘട്ടത്തില്‍ ബ്ലാക്ക് മെയില്‍ ചെയ്തത്. അതിനെക്കുറിച്ച് പുസ്തകത്തില്‍ കുറിച്ചത് ഇങ്ങനെ: “എല്ലാം കഴിയുമ്പോള്‍ ഒരു പ്രധാന ചോദ്യം അവശേഷിക്കുന്നു. ബലാല്‍സംഗ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കുമെന്ന് പറഞ്ഞ ദിവസം രാത്രി ഉമ്മന്‍ ചാണ്ടി താന്‍ ജീവിതത്തിലാദ്യമായി ഒരാളുടെ ബ്ലാക്ക് മെയിലിങ്ങിന് വഴങ്ങി എന്ന് പറഞ്ഞു. അത് ആരെക്കുറിച്ചായിരുന്നു എന്ന ചോദ്യം. എന്നോട് ഒരിക്കലും അദ്ദേഹം അത് പറഞ്ഞില്ല. ഞാന്‍ ചോദിച്ചതുമില്ല.”
“എന്നാല്‍ പിന്നീട് അദ്ദേഹം അടുപ്പമുള്ള ഒരാളോട് വെളിപ്പെടുത്തി. ഞാന്‍ സംശയിച്ചതുപോലെ അത് ഗണേഷ് കുമാര്‍ അല്ല. ആ ബ്ലാക്ക് മെയിലിങ്ങ് നടത്തിയത് കഥയിലെ നായിക തന്നെ. പശ്ചാത്തലം ഇങ്ങനെ: “എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ച് ബിജു രാധാകൃഷ്ണനെ കാണുകയും അത് ഇവിടെ സോളാര്‍ നായിക-ഗണേഷ് ബന്ധത്തെ കുറിച്ച് ബിജു പരാതി പറയുകയും ചെയ്തതിന് ശേഷമായിരുന്നു അത്. ബിജു രാധാകൃഷ്ണന്‍ പറഞ്ഞതിന്റെ നിജസ്ഥിതിയറിയാന്‍ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് എത്തിയ ശേഷം പേഴ്സണല്‍ സ്റ്റാഫ് വഴി സോളാര്‍ നായികയെ വിളിക്കുന്നു. (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് നല്‍കാന്‍ നേരത്തെ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.) ഗണേഷുമായുള്ള ബന്ധത്തിന്റെ കാര്യം പുറത്ത് പറഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു അവര്‍ കരയുന്നു. അതായിരുന്നുവത്രെ ഉമ്മന്‍ ചാണ്ടിക്ക് വഴങ്ങേണ്ടി വന്ന ബ്ലാക്ക് മെയിലിങ്ങ്. അതിനു ശേഷമാണ് പോലീസ് രേഖകളില്‍ കഥാനായിക വേറെ പേരില്‍ വരുന്നതും ആ പേരില്‍ വഞ്ചനാ കേസുകളില്‍ പ്രതിയാകുന്നതും.” മുണ്ടക്കയം എഴുതുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here