കേരള ആഭ്യന്തര സെക്രട്ടറിയെ കുടഞ്ഞ്‌ ഡൽഹി കോടതി; ബിശ്വനാഥ് സിന്‍ഹയ്ക്ക് ഈഗോ; ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ്

കേരളത്തിന്റെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് ഡല്‍ഹി റൗസ് അവന്യു കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ഈഗോ കാരണമാണ് കോടതിയില്‍ ഓണ്‍ലൈന്‍ ആയി ഹാജരായി മൊഴി നല്‍കാത്തത് എന്നാണ് കോടതി പറഞ്ഞത്. ഇനി നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

ഒക്ടോബര്‍ മൂന്നാംവാരമാണ് ഇനി കേസ് പരിഗണിക്കുന്നത്. അന്നേ ദിവസം ബിശ്വനാഥ് സിന്‍ഹ നേരിട്ട് ഹാജരാകേണ്ടി വരും. അന്നും ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. കേരളത്തിലെ ചീഫ് സെക്രട്ടറി മുഖേന ബിശ്വനാഥ് സിന്‍ഹയ്ക്ക് നോട്ടീസ് കൈമാറാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കേരള ഹൗസില്‍ വെച്ച് തടഞ്ഞ കേസ് പരിഗണിക്കുമ്പോഴാണ് കേരളത്തിന്റെ ആഭ്യന്തര സെക്രട്ടറിയെ കോടതി കുടഞ്ഞത്. യുഡിഎഫ് ഭരണകാലത്ത് ഡല്‍ഹി കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മിഷണര്‍ ആയിരിക്കെ ബിശ്വനാഥ് സിന്‍ഹ നല്‍കിയ പരാതിയിലെ വാദമാണ് കോടതിയില്‍ ഇന്നു നടന്നത്‌. രാജ്യസഭാംഗവും സിപിഎം നേതാവുമായ ഡോ. വി.ശിവദാസന്‍ ഉള്‍പ്പടെയുള്ളവരാണ് കേസിലെ പ്രതികള്‍.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായി ഓണ്‍ലൈനിലൂടെ ആയിരുന്നു മൊഴി നല്‍കേണ്ടിയിരുന്നത്. കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ പ്രതികള്‍ എല്ലാം ഹാജരായി. സാക്ഷിയായ ആഭ്യന്തര സെക്രട്ടറി ഹാജരായില്ല. സാക്ഷിയെയാണ് വിസ്തരിക്കേണ്ടിയിരുന്നത്. ഇതോടെയാണ് കോടതി അതിരൂക്ഷ വിമര്‍ശനമുതിര്‍ത്തത്.

ആഭ്യന്തര സെക്രട്ടറിയുടെ മുറിയില്‍ ഇരുന്ന് മൊഴി നല്‍കാന്‍ മുമ്പ് ബിശ്വനാഥ് സിന്‍ഹ ശ്രമിച്ചുവെങ്കിലും കോടതി അനുവദിച്ചില്ല. താന്‍ ഓണ്‍ലൈനായി മൊഴി നല്‍കാന്‍ കോടതിയിലേക്ക് പോകാറില്ലെന്നായിരുന്നു സിന്‍ഹ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, ചട്ടങ്ങള്‍ പ്രകാരം കോടതി മുറിയില്‍നിന്ന് മൊഴി വേണം. അല്ലാത്ത മൊഴി രേഖപ്പെടുത്താന്‍ തനിക്കാകില്ലെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിവ്യ മല്‍ഹോത്ര വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍നിന്ന് ഓണ്‍ലൈനായി മൊഴി നല്‍കാന്‍ ബിശ്വനാഥ് സിന്‍ഹയ്ക്ക് കോടതി അനുമതി നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top