ഉമ്മൻചാണ്ടിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളില്ലാതെ; വിട നല്‍കാനൊരുങ്ങി പുതുപ്പള്ളി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം. മതപരമായ ചടങ്ങുകൾ മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്നായിരുന്നു മന്ത്രിസഭായോഗത്തിന്റെ നിർദേശമെങ്കിലും, ഇക്കാര്യത്തില്‍ കുടുംബത്തിന്റെ അഭിലാഷത്തോടൊപ്പം നില്‍ക്കാനാണ് സർക്കാർ തീരുമാനം.
കഴിഞ്ഞ ദിവസം, തിരുവനന്തപുരം നഗരത്തെ ദുഃഖത്തിലാഴ്ത്തിയ വിലാപയാത്രയില്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാന്‍ ആയിരങ്ങളാണ് റോഡിനിരുവശവും മണിക്കൂറുകള്‍ കാത്തിരുന്നത്. മൂന്നര മണിക്കൂർ സമയമെടുത്തതാണ് ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര നഗരാതിര്‍ത്തി പിന്നിട്ടത്. ജഗതിയിലെ പുതുപ്പള്ളി വീട്ടില്‍ സഹപ്രവർത്തകരുടെ യാത്രയയപ്പ് ഏറ്റുവാങ്ങി ബുധനാഴ്ച രാവിലെ ഏഴുമണിയോടെ ഉമ്മന്‍ചാണ്ടി തന്റെ സ്വന്തം തട്ടകമായ പുതുപ്പള്ളിയിലേക്ക് യാത്രയാരംഭിച്ചു.
പ്രത്യേകം സജ്ജീകരിച്ച ബസ്സിൽ രമേശ് ചെന്നിത്തല, വി ഡി സതീശൻ, ഷാഫി പറമ്പിൽ എംഎൽഎ, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്. വൈകിട്ട് കോട്ടയം തിരുനക്കരയിലാണ് പൊതുദർശനം. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേകമായി തയ്യാറാക്കിയ കബറിടത്തിൽ വ്യാഴാഴ്ച 3.30നാണ് സംസ്കാരം. രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25 നാണ് അന്തരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here