യുപിയിലെ തോല്‍വിക്കു പിന്നാലെ സംസ്ഥാന ബിജെപിയില്‍ തമ്മിലടി; തോറ്റ കേന്ദ്രമന്ത്രി അഴിമതിക്കാരനെന്ന് മുന്‍ എംഎല്‍എ; യോഗി ഇടപെട്ടിട്ടും ശമനമില്ല

ഉത്തര്‍പ്രദേശിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന ഘടകത്തില്‍ കലാപം. പടിഞ്ഞാറന്‍ യുപിയിലെ മുസാഫര്‍ നഗറില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു തോറ്റ സഞ്ജീവ് ബല്യാനും മുന്‍ എംഎല്‍ എ സംഗീത് സോമും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലാണ് ബിജെപിക്ക് തലവേദനായി മാറിയിരിക്കുന്നത്.

2014, 2019 മോദി മന്ത്രിസഭകളില്‍ സഹമന്ത്രിയായിരുന്ന സഞ്ജീവ് ബല്യാന്‍ ഇത്തവണ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. അഴിമതികാരണമാണ് ഈ പരാജയമെന്നാണ് സംഗീത് സോമിന്റെ ആരോപണം. കേന്ദ്രമന്ത്രിയായിരിക്കെ സഞ്ജീവ് ബല്യാന്‍ വന്‍തോതില്‍ അഴിമതി നടത്തി പണം വിദേശത്തടക്കം നിക്ഷേപിച്ചുവെന്നും ലെറ്റര്‍പാഡില്‍ ഇറക്കിയ പത്രക്കുറിപ്പില്‍ ആക്ഷേപിച്ചിട്ടുണ്ട്. സംഗീത് സോമിന്റെ അനുയായികള്‍ കാലുവാരിയത് കൊണ്ടാണ് തോല്‍വി സംഭവിച്ചെന്നാണ് ബല്യാന്റെ ആരോപണം. നേതാക്കള്‍ തമ്മിലുള്ള ചെളി വാരിയെറിയല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇടപെട്ടിട്ടും ശമനമുണ്ടായിട്ടില്ല.

2013 ലെ മുസാഫര്‍ നഗറിലെ വര്‍ഗീയ കലാപകാലത്ത് രണ്ട് പേരുടേയും പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതില്‍ മുന്നിലാണ് ഇരുവരും. രജപുത്ര സമുദായത്തില്‍പ്പെട്ട സംഗീത് സോമും ജാട്ട് വംശജനായ ബല്യാനും തമ്മിലെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് രണ്ട് പേരുടേയും സമുദായങ്ങളുടെ പിന്തുണയുമുണ്ട്. പടിഞ്ഞാറന്‍ യുപിയില്‍ വലിയ സ്വാധീനമുള്ള ഈ നേതാക്കളുടെ ഏറ്റുമുട്ടല്‍ ബിജെപിക്ക് ഉണ്ടാക്കിയിരിക്കുന്ന തലവേദന ചെറുതല്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top