അനിയാ ചുടുചോറ് വാരല്ലേ… അന്നെഴുതിയ കത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് നികേഷ് കുമാറിന്റെ സഹോദരന്‍; പാര്‍ട്ടിയില്‍ ഏത് പദവി കിട്ടിയിട്ടെന്ത് കാര്യം

മാധ്യമ പ്രവർത്തനം ഉപേക്ഷിച്ച് സിപിഎം രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന തീരുമാനം എംവി നികേഷ് കുമാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 2016 ല്‍ സ്വന്തം സഹോദരന്‍ നികേഷിന് എഴുതിയ കത്തും ചര്‍ച്ചയാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴിക്കോട് മണ്ഡലത്തില്‍ നിന്ന് നികേഷ് മത്സരിക്കുന്നുവെന്ന പ്രാഖ്യാപനത്തിന് പിന്നാലെയാണ് മൂത്ത സഹോദരന്‍ എംവി ഗിരീഷ് കുമാര്‍ തുറന്ന കത്തെഴുതിയത്. ചുടുചോറു വാരല്ലേ അനിയാ എന്ന തലക്കെട്ടില്‍ അതിവൈകാരികമായ കത്താണ് ഗിരീഷ് അന്ന് പ്രസിദ്ധീകരിച്ചത്. അച്ഛനെ കൊല്ലാന്‍ ശ്രമിച്ചതും വീടിന് തീയിട്ടതുമടക്കം സിപിഎം നടത്തിയ ഓരോ അക്രമങ്ങളും, എംവി രാഘവന്റെ ആത്മകഥയിലെ പരാമര്‍ശങ്ങൾ അടക്കമായിരുന്നു കത്തില്‍ വിശദീകരിച്ചത്. അന്നത് ഏറെ ചര്‍ച്ചയായിരുന്നെങ്കിലും പ്രതികരിക്കാതെ മുന്നോട്ടു പോവുകയായിരുന്നു നികേഷ് കുമാര്‍. എന്നാല്‍ കത്തില്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഒരു മാറ്റവും ഇല്ലെന്നും അച്ഛനെ ഉപദ്രവിച്ച പാര്‍ട്ടിയില്‍ നികേഷിന് എന്ത് സ്ഥാനം കിട്ടിയിട്ടും കാര്യമില്ലെന്നും ഗിരീഷ് കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നികേഷ് വീണ്ടും സിപിഎമ്മില്‍ സജീവമാകുമെന്ന് പ്രഖ്യാപനം വരികയും കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവാകുമെന്ന് വാര്‍ത്ത വരികയും ചെയ്തതതിൻ്റെ പശ്ചാത്തലത്തിലാണ് ഗിരീഷ്‌കുമാറിനെ വീണ്ടും ബന്ധപ്പെട്ടത്. അച്ഛനോടും കുടുംബത്തോടും സിപിഎം കാട്ടിയ ക്രൂരതകള്‍ ആരും മറന്നിട്ടില്ല. നികേഷിനും ഇക്കാര്യങ്ങളെല്ലാം അറിയാം. എന്നിട്ടും ആ പാര്‍ട്ടിയുമായി സഹകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. എന്ത് സ്ഥാനം കിട്ടിയെന്ന് പറഞ്ഞാലും സിപിഎം സഹകരണത്തില്‍ ഒരു ന്യായീകരണവുമില്ല. അതൊന്നും നികേഷിന് ഗുണകരമാകുമെന്നും വിശ്വസിക്കുന്നില്ല… ഗിരീഷ് പ്രതികരിച്ചു. അച്ഛന്റെ മരണ ശേഷം നികേഷ് സിപിഎമ്മിനൊപ്പം തന്നെയാണ്. അതുകൊണ്ട് തന്നെ 2016ലെ വിമര്‍ശനങ്ങള്‍ അന്നും ഇന്നും നില്‍ക്കും. അന്ന് തോറ്റപ്പോൾ പഴയ ജോലിയിലേക്ക് തിരിച്ചെത്തിയത് പോലൊരു മാറ്റം ഇനിയും ഉണ്ടാകാനിടയുണ്ട്.. ഗിരീഷ്‌കുമാര്‍ കൂട്ടിച്ചേർത്തു.

അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കുന്ന അനിയന് വിജയാംശംസകള്‍ നേരാന്‍ എംവി രാഘവന്റെ മൂത്തമകന്‍ എന്ന നിലയില്‍ എനിക്കുള്ള ബുദ്ധിമുട്ട് അറിയിക്കുവാനായാണ് കത്തെഴുതുന്നത് എന്ന ആമുഖത്തോടെയാണ് ഗിരീഷ് അന്നത് പ്രസിദ്ധീകരിച്ചത്. സിപിഎമ്മുമായി എംവി രാഘവനുണ്ടായിരുന്ന ഹൃദയബന്ധവും പിന്നീട് ബദല്‍ രേഖയുടെ വേട്ടയാടിയതുമെല്ലാം കത്തില്‍ പറയുന്നുണ്ട്. വീട് കത്തിച്ചതും, എകെജി ആശുപത്രി തിരഞ്ഞെടുപ്പിനിടെ കല്ലും ചെരിപ്പും എറിഞ്ഞ് ആക്രമിച്ചതും നിയമസഭയ്ക്കുള്ളില്‍ വച്ച് കോടിയേരി ബാലകൃഷ്ണന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, ടിജെ ആഞ്ചലോസ്, സിപി കുഞ്ഞ്, ഗോപി കോട്ടമുറിക്കല്‍ തുടങ്ങിയ എംഎല്‍എമാര്‍ ചേർന്ന് മര്‍ദ്ദിച്ചതുമടക്കം ആത്മകഥയിലെ എംവി രാഘവൻ ഉള്‍പ്പെടുത്തിയ കാര്യങ്ങൾ തന്നെയായിരുന്നു കത്തിൽ വിശദീകരിച്ചത്.

ചാനലുകളിലെ സുഖശീതളിമയില്‍ ഇരുന്ന് രാഷ്ട്രീയ നേതാക്കളെയും മറ്റും കൈകാര്യം ചെയ്യുന്നതിനിടെ അച്ഛന്റെ ആത്മകഥയായ ‘ഒരു ജന്‍മം’ വായിക്കാന്‍ നേരം കിട്ടികാണില്ലെന്നും ഫലപ്രഖ്യാപനത്തിന് ശേഷം ധാരാളം സമയം ലഭിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു. ഗിരീഷ് പറഞ്ഞതുപോലെ തന്നെ ഫലം വന്നപ്പോള്‍ നികേഷ് കുമാര്‍ പരാജയപ്പെട്ടു. മുസ്ലിം ലീഗിലെ കെഎം ഷാജിയോട് 2,287 വോട്ടിനായിരുന്നു പരാജയം. മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയതെങ്കിലും പരാജയപ്പെട്ടതോടെ നികേഷ് വീണ്ടും ചാനലിൽ സജീവമായി. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് നികേഷ് വീണ്ടും സിപിഎമ്മില്‍ സജീവമാകുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. ഉടൻ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പാലക്കാടോ വയനാടോ നികേഷിന് സിപിഎം സീറ്റ് അനുവദിക്കുമോ എന്നാണ് അറിയാനുള്ളത്.

കത്തിൻ്റെ പൂർണരൂപം:

ചുടുചോറു വാരല്ലെ അനിയാ,

അഴീക്കോട് നിയോജക മണ്ഡലത്തില്‍ ഈ 16-ാം തീയ്യതി നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കുന്ന അനിയന് വിജയാംശംസകള്‍ നേരാന്‍ എം.വി.രാഘവന്റെ മൂത്തമകന്‍ എന്ന നിലയില്‍ എനിക്കുള്ള ബുദ്ധിമുട്ട് അറിയിക്കുവാനാണ് ഇങ്ങനെ ഒരു കുറിപ്പ്.

അച്ഛന്‍ സി.പി.എമ്മിന്റെ നേതാവായിരിക്കെ അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിഹ്നം ഞാനും നീയും അടങ്ങുന്ന നമ്മുടെ കുടുംബത്തിനെ നിശ്ചയമായും പ്രചോദിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഒളിവിലും ജയിലിലുമായി അച്ഛന്‍ നമുക്ക് അദൃശ്യനായി കഴിഞ്ഞിരുന്ന അടിയന്തിരാവസ്ഥക്കാലത്ത്. അന്ന് അച്ഛന്റെ അഭാവത്തില്‍ കുടുംബം നേരിട്ട പ്രതിസന്ധികള്‍ കടുത്തതായിരുന്നു. പുലിക്കോടന്‍ നാരായാണനെ പോലുള്ള പോലീസ് മേലാളന്‍മാര്‍ വീട്ടില്‍ കയറി അതിക്രമം കാട്ടിയതൊന്നും നിനക്ക് ഓര്‍മ്മയുണ്ടാകാന്‍ ഇടയില്ല. അന്ന് നീ തീരെ ചെറുതാണ്. എന്നാല്‍ 10 വര്‍ഷത്തിന് ശേഷം സി.പി.എമ്മിന്റെ സംഘടനാ സംവിധാനം അനുശാസിക്കുംവിധം ജനാധിപത്യരീതിയില്‍ അച്ഛന്റെ നേതൃത്വത്തില്‍ ഒരു വിയോജനകുറിപ്പ് (ബദല്‍രേഖ) അവതരിപ്പിച്ചതില്‍ പിന്നെ അരിവാള്‍ ചുറ്റിക നക്ഷത്രം അഭിമാന ചിഹ്നമായി കരുതുന്ന സി.പി.എം നമ്മുടെ കുടുംബത്തോട് കാട്ടിയ നെറികേടുകളും അതിക്രമങ്ങളും നിനക്ക് ഓര്‍മ്മയുണ്ടാകില്ല. മത്സരിക്കാന്‍ ഒരു സീറ്റ് അനുവദിച്ച് കിട്ടിയതിന്റെ പേരില്‍ അതൊക്കെ നീ സൗകര്യപൂര്‍വ്വം മറന്നുപോയി എന്നു കരുതാനാണ് എനിക്ക് താല്‍പര്യം.

ചാനലുകളിലെ സുഖശീതളിമയില്‍ ഇരുന്ന് രാഷ്ട്രീയ നേതാക്കളെയും മറ്റും കൈകാര്യം ചെയ്യുന്നതിനിടെ നിനക്ക് ആ പുസ്തകം (ഒരു ജന്‍മം) വായിക്കാന്‍ നേരം കിട്ടികാണില്ല. ബദല്‍രേഖ വിവാദം മുതല്‍ സി.എം.പി രുപീകരണം, എ.കെ.ജി ആശുപത്രി തെരഞ്ഞെടുപ്പ്, പരിയാരം മെഡിക്കല്‍ കോളേജ് സ്ഥാപനം, കൂത്തുപറമ്പ് വെടിവെപ്പ് തുടങ്ങി ഓരോ ഘട്ടങ്ങളിലും ഇന്നു നീ വിധേയപ്പണി ചെയ്തു കൊടുക്കുന്ന സി.പി.എം പ്രസ്ഥാനം അച്ഛനോടും കുടുംബത്തോടും ചെയ്തു കൂട്ടിയതെന്തൊക്കെയാണെന്ന് അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ മുഴുവനായും നിനക്കാഗ്രന്ഥം വായിക്കാന്‍ സമയം കിട്ടിയെന്ന് വരില്ല. ഭീകരസംഘടനയെന്ന വണ്ണം സി.പി.എം പെരുമാറിയ ചില രാഷ്ട്രീയ സന്ദര്‍ഭങ്ങള്‍ ആ പുസ്തകത്തിലുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവേശവും പ്രചാരകനുമായ എ.കെ.ജിയുടെ യശസിന് അവമതിപ്പുണ്ടാക്കുന്ന എ.കെ.ജി മോഡല്‍ തെരഞ്ഞെടുപ്പിനും അതിനു ശേഷം നടന്ന നിയമസഭ സമ്മേളനത്തെക്കുറിച്ചും അച്ഛന്‍ ഇങ്ങനെ എഴുതി. ‘വടക്കെ മലബാറില്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളില്‍ ഒരാളും മുന്‍ എം.എല്‍.എ യുമായ സ: ഇ.പി.കൃഷ്ണന്‍ നമ്പ്യാരുടെ കൊളച്ചേരിയിലെ ശവകുടീരം അടിച്ചു തകര്‍ത്തു. 40 വര്‍ഷക്കാലം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച പ്രമുഖ ഹരിജന്‍ നേതാവും മുന്‍ ജില്ലാ കൗണ്‍സിലറും സഹകാരിയുമായ കൊയ്യോന്‍ കണ്ണനെ പാപ്പിനിശ്ശേരി തെരുവിലൂടെ ന്ഗനനായി നടത്തിച്ചു. പാപ്പിനിശ്ശേരിയിലെ എന്റെ കുടുംബവീട് മണ്ണെണ്ണ ഒഴിച്ച് തീയിട്ടു, വീട് അപ്പാടെ ചുട്ടെരിച്ചു. നിധിപോലെ ഞാന്‍ സൂക്ഷിച്ചിരുന്ന മാര്‍ക്‌സിയന്‍ സാഹിത്യകൃതികളും, ഡയറിക്കുറിപ്പുകളും എല്ലാം ചാമ്പലായി. വീട്ടില്‍ മാക്‌സിന്റെയും, എംഗല്‍സിന്റെയും ലെനിനിന്റെയും, ഇ.എം.എസിന്റെയും പടങ്ങളുണ്ടായിരുന്നു. ഇതില്‍ ഇ.എം.എസിന്റെ പടം പുറത്തെടുത്തുവെച്ചിട്ട് മറ്റുള്ളവ തീയിട്ടു. ഗുണ്ടകള്‍ എങ്ങനെയാണ് മാര്‍ക്‌സിനെയും ലെനിനെയും എംഗല്‍സിനെയും തിരിച്ചറിയുക. എന്റെ ജാമാതാവ് കുഞ്ഞിരാമന്റെ തെങ്ങിന്‍തോട്ടം നിശ്ശേഷം വെട്ടി നശിപ്പിച്ചു. അസഹിഷ്ണുതയാണ് സി.പി.എമ്മിന്റെ മുഖമുദ്ര. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ പകപോക്കാന്‍ ഏതു മാര്‍ഗ്ഗവും അവലംബിക്കാന്‍ മടിക്കാത്ത പാര്‍ട്ടിയാണ് സി.പി.എം എന്നതാണ് കൂത്തുപറമ്പിന്റെ സന്ദേശം.’

ഇനി എ.കെ.ജി.ആശുപത്രി തിരഞ്ഞെടുപ്പിനെ കുറിച്ച്:
‘വോട്ടു ചെയ്യാനെത്തിയ എന്നെ പോളിങ്ങ് സ്റ്റേഷനില്‍ നിന്ന് പുറത്തിറക്കി മര്‍ദ്ദിച്ചു. റോഡില്‍ എന്നെ കല്ലും ചെരിപ്പും എറിഞ്ഞ് എ.കെ.ജി ഹോസ്പിറ്റല്‍ സ്ഥിതിചെയ്യുന്ന തളാപ്പ് മുതല്‍ തെക്കി ബസാറിലെ പാര്‍ട്ടി ഓഫീസ് വരെ അക്രമികള്‍ പിന്‍തുടര്‍ന്ന് കല്ലെറിഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 3-ാം ദിവസം 1987 ജൂലായ് 1 ന് നിയമസഭയില്‍ ഞാന്‍ സബ്മിഷന്‍ ഉന്നയിച്ചു. ഞാന്‍ കള്ള ഷെയര്‍ സര്‍ട്ടിഫിക്കറ്റുമായി മന്ത്രിയുടെ സീറ്റിനരികിലെത്തി, നോക്കൂ ഇതു കള്ള സര്‍ട്ടിഫിക്കറ്റല്ലെ എന്ന് ഉറക്കെ ചോദിച്ചു. ടി.കെ.രാമകൃഷ്ണന്റെ കൈപിടിച്ച് ഒരു കള്ള സര്‍ട്ടിഫിക്കറ്റ് വെച്ചു കൊടുത്തു, മറ്റൊന്ന് അദ്ദേഹത്തിന്റെ പോക്കറ്റില്‍ വെക്കാന്‍ മുതിരവെ കോടിയേരി ബാലകൃഷ്ണന്‍, ആര്‍.ഉണ്ണികൃഷ്ണപിള്ള, ടി.ജെ.ആഞ്ചലോസ്, സി.പി.കുഞ്ഞ്, ഗോപി കോട്ടമുറിക്കല്‍ തുടങ്ങിയ മാര്‍ക്‌സിസ്റ്റ് അംഗങ്ങള്‍ ചാടിവീണ് എന്നെ തല്ലി നിലത്തിട്ടു ചവിട്ടി. വീണു കിടന്ന എന്നെ വളഞ്ഞു പിടിച്ചു ചവിട്ടി. വാച്ച് ആന്റ് വാര്‍ഡ് എത്തിയെങ്കിലും അവര്‍ ഒന്നിനും ഇടപെടാതെ നോക്കുകുത്തികളായി, സ്പീക്കര്‍ സഭ നിര്‍ത്തി ചേമ്പറിലേക്ക് പോയി. മുഖ്യമന്ത്രി നായനാരും പ്രതിപക്ഷനേതാവ് കെ.കരുണാകരനും സഭവിട്ട് പുറത്തേക്ക് പോയി. അപ്പോഴും ചില മാര്‍ക്‌സിസ്റ്റ് അംഗങ്ങള്‍ എന്നെ തല്ലുന്നുണ്ടായിരുന്നു’ (ഒരു ജന്‍മം പേജ് 326 – 337).

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഫലപ്രഖ്യാപനം വന്നു കഴിഞ്ഞാല്‍ ഈ പുസ്തകം മനസ്സിരുത്തി വായിക്കാന്‍ നിനക്ക് വേണ്ടത്ര സമയം കിട്ടുമെന്നാണ് എനിക്ക് തോന്നുന്നത്. എം.വി.രാഘവന്‍ സി.പി.എമ്മിന് വേണ്ടി ചെയ്തതെന്താണ്, അച്ഛനോട് സി.പി.എം ചെയ്തതെന്താണ് എന്നതൊക്കെ നിനക്ക് അപ്പോള്‍ വ്യക്തമാകുമെന്നാണ് എന്റെ പ്രതീക്ഷ.

ഏതായാലും തെരഞ്ഞെടുപ്പിന് നില്‍ക്കുമ്പോള്‍ ചില നിലപാടുകള്‍ നിനക്ക് ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കേണ്ടി വരും. എം.വി.ആര്‍ ആയിരുന്നോ, സി.പി.എം ആയിരുന്നോ അന്നത്തെ ശരി എന്ന ജനങ്ങളുടെ ചോദ്യത്തിന് നീ ഇതുവരെ മറുപടി പറഞ്ഞതായി ജനങ്ങള്‍ കണ്ടിട്ടില്ല. എം.വി.ആറിനോട് കാട്ടിക്കൂട്ടിയ പേകൂത്തുകളെകുറിച്ച് സി.പി.എം എവിടെയെങ്കിലും ഇതുവരെ പശ്ചാത്തപിച്ചതായി എന്റെ അറിവില്‍ പെട്ടിട്ടില്ല. നമ്മുടെ അച്ഛന്‍ കെട്ടിപ്പെടുത്ത ആതുരസേവന സ്ഥാപനങ്ങളുടെ ഭരണാധികാരവും നിയന്ത്രണവും മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് തിരിച്ചറിയാത്തത്രയും വകതിരിവുമാത്രമാണോ നിനക്കുള്ളത്.

പരിയാരം മെഡിക്കല്‍ കോളേജിന് അതിന്റെ സ്ഥാപകനായ എം.വി.രാഘവന്റെ പേര് കൊടുക്കുന്നതില്‍ സി.പി.എം നേതൃത്വത്തിന്റെ നിലപാട് എന്താണ്? രാഷ്്ട്രീയ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ സി.പി.എം ന് വേണ്ടിയുള്ള ജീവിതം ‘പാഴാക്കിയ’ (പ്രയോഗം അച്ഛന്റേത്) ആ മനുഷ്യന്‍ പത്ത് മുപ്പത് കൊല്ലക്കാലം സി.പി.എമ്മി നാല്‍ വേട്ടയാടപ്പെടുകയായിരുന്നു എന്ന ചരിത്ര യാഥാര്‍ത്ഥ്യത്തെയല്ലെ കേവലം ഒരു അസംബ്ലി സീറ്റിനു വേണ്ടി നീ തൂക്കി വിറ്റത്.

‘ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവനെന്ത് പ്രയോജനം’ (വി. മത്തായി 16:26) ഈ ബൈബിള്‍ വാചകം നിന്നെ പോലെയുള്ളവരെ ഉദ്ദേശിച്ചാണെന്ന് എനിക്ക് തോന്നുന്നു. ഒരു മകനെന്ന നിലയിലും ജനാധിപത്യ വിശ്വാസി എന്ന നിലയിലും എന്റെ മനസ്സില്‍ കല്ലിച്ച് കിടക്കുന്ന വേദനയാണ് ചെരുപ്പുമാലയിട്ട് കൂകി വിളിച്ചും കല്ലെറിഞ്ഞും ചിരട്ട കൊട്ടിയും പരിഹാസ്യനാക്കി മാര്‍ക്കിസ്റ്റുകാര്‍ നമ്മുടെ അച്ഛനെ നടത്തിയതിന്റെ ദൃശ്യങ്ങള്‍.

മാസങ്ങള്‍ക്ക് മുമ്പെ ജയ് വിളിച്ച നേതാവിനെ ചെരുപ്പുമാല അണിയിക്കുവാനും കല്ലെറിഞ്ഞ് കൂവിയാര്‍ക്കാനും ഈ പ്രസ്ഥാനത്തിനും അതിന്റെ നേതാക്കള്‍ക്കും അണികള്‍ക്കും മാത്രമെ സാധിക്കു എന്ന് പീന്നീടും ഇവര്‍ തെളിയിച്ചിട്ടുണ്ട്.

യു.ഡി.എഫിന്റെയും, ജനങ്ങളുടെയും പിന്‍തുണയും പരിരക്ഷയും ഇല്ലായിരുന്നുവെങ്കില്‍ ടി.പി.ചന്ദ്രശേഖരന്റെ ഗതി വരില്ലായിരുന്നോ നമ്മുടെ അച്ഛനും?. എന്നെങ്കിലും നീ ആ നിലയില്‍ ചിന്തിക്കുകയുണ്ടായിട്ടുണ്ടോ? അതുപോട്ടെ പട്ടാപകല്‍ നേരത്ത് സ്വന്തം വീട് കത്തിച്ച് ചാമ്പലാക്കിയതിന്റെ പേരില്‍ നിനക്ക് ഒന്നും തോന്നിയില്ലേ? കൂത്തുപറമ്പ് വെടിവെപ്പ് അച്ഛന്‍ മൂലം ഉണ്ടായതാണെന്ന് നീ കരുതുന്നുണ്ടോ? അങ്ങനെയെങ്കില്‍ ഈ വര്‍ഷത്തെ കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിന്റെ മുഖ്യാതിഥിയായി സ: നികേഷ് കുമാര്‍ പങ്കെടുത്ത് സ്വന്തം അച്ഛനെ തള്ളിപ്പറയാനുള്ള ആര്‍ജ്ജവം കാണിക്കണം. കൂത്തുപറമ്പ് വെടിവെപ്പിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലുണ്ടായിരുന്ന അക്രമ പ്രവര്‍ത്തനത്തെക്കുറിച്ച് അച്ഛന്‍ ആത്മകഥയില്‍ വിശദമായി എഴുതിയിട്ടുണ്ട്.

ഉച്ചത്തില്‍ ഉദ്‌ഘോഷിക്കുന്ന ആദര്‍ശങ്ങള്‍ പുരപ്പുറത്തെറിഞ്ഞിട്ട് കൈയില്‍ തടയുന്ന കുട്ടിക്കുരങ്ങന്‍മാരെകൊണ്ട് ചൂടുചോറു വാരിച്ചിട്ട് കാര്യം സാധിച്ചതിന്റെ പൂര്‍വ്വ ചരിത്രമുള്ളവരാണിപ്പോള്‍ നിന്നെ നയിക്കുന്നതും നിയന്ത്രിക്കുന്നതും. പത്ത് മുപ്പത് കൊല്ലക്കാലം അച്ഛന്റെ ചോരയ്ക്കായി ദാഹിച്ച് നടന്നവര്‍ ഇപ്പോള്‍ ആ അച്ഛന്റെ മകനെ കൊണ്ട്് ചെയ്യിക്കുന്നതും മറ്റൊന്നല്ല. ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛനെ കീഴ്‌പ്പെടുത്താന്‍ അവര്‍ക്കായില്ല. രാഘവന്റെ മക്കളെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കി തോല്‍പ്പിച്ച് ഇല്ലാതാക്കാനുള്ള അവരുടെ ഗൂഢപദ്ധതിയില്‍ ആദ്യം വീണു പോയത് നമ്മുടെ സഹോദരി ഗിരിജയാണ്. ഇപ്പോള്‍ ഇതാ നീയും, രാഘവനോടുള്ള അവരുടെ പക ഇനിയും തീര്‍ന്നിട്ടില്ല എന്നു വേണം കരുതാന്‍. ഇനി തിരഞ്ഞെടുപ്പില്‍ ജയിച്ചു എന്നു തന്നെ ഇരിക്കട്ടെ നിനക്ക് തോന്നുണ്ടോ അച്ഛന്റെ ആത്മാവ് നിന്നോട് പൊറുക്കുമെന്ന്?

അച്ഛന്‍ തന്റെ പൊതുജീവിതത്തില്‍ പാലിച്ചിട്ടുള്ള രാഷ്ട്രീയ ജനാധിപത്യമര്യാദകളെ പറ്റി നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. സി.പി.എം പുറത്താക്കിയ ഘട്ടത്തില്‍ വലിയൊരു രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിച്ചിരിക്കുമ്പോള്‍ രാഷ്ട്രീയഅഭയവും സഹായ ഹസ്തവും നീട്ടിയ മുസ്ലീം ലീഗിനും കോണ്‍ഗ്രസ്സിനുമെതിരെയാണ് നിന്റെ മത്സരമെന്നത് അഴീക്കോട് മണ്ഡലത്തിലെ ജനങ്ങള്‍ പരിഹാസത്തോടെയാണ് നോക്കി കാണുന്നത്. അച്ഛനെതിരെ സി.പി.എം രാഷ്ട്രീയ വേട്ട തുടങ്ങിയ ഘട്ടത്തില്‍ അച്ഛനൊപ്പം നിന്നവരാണ് അഴീക്കോട് മണ്ഡലത്തിലെ ജനങ്ങള്‍. പാവങ്ങളും നിഷ്‌ക്കളങ്കരുമാണവര്‍. അവര്‍ക്ക് മുന്നില്‍ അവരുടെ മനസ്സില്‍ എം.വി.ആറിന്റെ ഒരു ചിത്രമുണ്ട്. ആരുടേയും മുന്നില്‍ തലകുനിക്കാത്ത ജനാഭിലാഷങ്ങള്‍ക്കൊപ്പം ഇച്ഛാശക്തിയോടെ നിലകൊള്ളുന്ന ഒരു നിസ്വാര്‍ത്ഥ രാഷ്ട്രീയ നേതാവിന്റെ ചിത്രം. പത്ത് മുപ്പത് കൊല്ലം സി.പി.എം കാരാല്‍ വേട്ടയാടപ്പെട്ട ആ രാഷ്ട്രീയ ജീവിതത്തിന്റെ പേരില്‍ നിര്‍ഭയത്വവും ഇച്ഛാശക്തിയും പേരാട്ടവീര്യവും മുഖമുദ്രയാക്കിയ രാഷ്ട്രീയ പൈതൃകത്തിന്റെ പേരില്‍ വോട്ടു ചോദിക്കാനുള്ള ധാര്‍മ്മികയതയും അവകാശവും നിനക്കും നിന്നെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇല്ല എന്നത് കൊണ്ടാണ് നിനക്ക് വിജയാശംസകള്‍ നേരാന്‍ ഞാന്‍ മടിക്കുന്നത് –

എന്ന്

സ്വന്തം ജേഷ്ഠന്‍
എം.വി.ഗിരീഷ്‌കുമാര്‍

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top