വില്ലേജുകളിൽ ഗുരുതര ക്രമക്കേട്; ഓണ്‍ലൈന്‍ അപേക്ഷകളില്‍ തീരുമാനമില്ല, ‘ഓപ്പറേഷൻ സുതാര്യത’ തുടരുന്നു

തിരുവനന്തപുരം: ജനങ്ങൾ ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വ്യാപക ക്രമക്കേട്. 88 വില്ലേജ് ഓഫീസുകളിൽ ഒറ്റ ദിവസം നടത്തിയ വിജിലൻസ് പരിശോധനയിൽ ഗുരുതര ക്രമക്കേടാണ് കണ്ടെത്തിയത്. വിജിലൻസിന്റെ ‘ഓപ്പറേഷൻ സുതാര്യത’യുടെ ഭാഗമായാണ് പരിശോധന നടത്തിയത്. ജനങ്ങൾക്ക് വില്ലേജ് ഓഫീസുകളിൽ നിന്ന് കൃത്യമായ സേവനം ലഭിക്കുന്നില്ലെന്ന പരാതികൾ കൂടിവന്നതോടെയാണ് വിജിലൻസ് പരിശോധനക്ക് മുതിർന്നത്.

മിക്ക വില്ലേജ് ഓഫീസുകളിലും ഓൺലൈൻ പോർട്ടൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നില്ല എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അഴിമതി തടയാൻ സർക്കാർ നടപ്പാക്കിയ സംവിധാനമാണ് ‘ഇ-ഡിസ്‌ട്രിക്ട്’ ഓൺലൈൻ പോർട്ടൽ. എന്നാൽ ഇതിന്റെ സേവനം ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്നാണ് ആരോപണം. അപേക്ഷ സമർപ്പിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും നടപടി എടുക്കാത്ത കേസുകള്‍ കൂടുതലും തിരുവനന്തപുരത്താണ്. ഇത്തരം 437 അപേക്ഷകളാണ് ഒറ്റ ദിവസത്തെ പരിശോധനത്തിൽ ജില്ലയിൽ നിന്ന് കണ്ടെത്തിയത്. മിക്ക ജില്ലകളിലും ഇങ്ങനെ നൂറുകണക്കിന് കേസുകൾ കെട്ടികിടക്കുന്നുണ്ട്. അതുപോലെ മിക്ക വില്ലേജുകളിലും ലഭിക്കുന്ന അപേക്ഷകൾ രജിസ്റ്ററിൽ രേഖപ്പെടുത്താറില്ല. ട്രഷറിയിൽ കൃത്യമായി പണം അടയ്ക്കാത്ത വില്ലേജുകളും കണ്ടെത്തിയിട്ടുണ്ട്. പലയിടത്തും മുൻഗണന പ്രകാരമല്ല അപേക്ഷകൾ തീർപ്പാക്കുന്നതെന്നാണ് വിജിലൻസിന്റെ റിപ്പോർട്ട്.

ക്രമക്കേടുകൾ സംബന്ധിച്ച് സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ്‌കുമാർ അറിയിച്ചു. ഓപ്പറേഷൻ സുതാര്യതയുടെ കിഴിൽ പരിശോധന തുടരാനാണ് വിജിലൻസിന്റെ തീരുമാനം. ഉദ്യോഗസ്ഥരുടെ നിസഹകരണം കാരണം ജനങ്ങൾക്ക് വില്ലേജ് ഓഫീസുകളിൽ നിന്ന് കൃത്യമായ സേവനം ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top