ഓപ്പണ്‍ഹെെമർ പ്രീമിയർ പാതിവഴിയിലുപേക്ഷിച്ച് താരങ്ങള്‍; ഹോളിവുഡിലെ അസാധാരണ പ്രതിഷേധമെന്തിന്

പ്രതിഷേധവേദിയായി ക്രിസ്റ്റഫർ നോളന്റെ ഓപ്പണ്‍ഹെെമർ ലണ്ടന്‍ പ്രീമിയർ. കിലിയന്‍ മർഫി, റോബർട്ട് ഡൗണി ജൂനിയർ, എമിലി ബ്ലണ്ട് എന്നിവരുൾപ്പെടെയുള്ള ഓപ്പൺഹൈമർ കാസ്റ്റ് ചിത്രത്തിന്റെ പ്രദർശനം പാതിവഴിയില്‍ ഉപേക്ഷിച്ചു മടങ്ങി. ഹോളിവുഡ് അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇറങ്ങിപ്പോക്ക്.
പ്രതിഷേധമെന്തിന്?
സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് റേഡിയോ ആൻഡ് ടെലിവിഷൻ ആർട്ടിസ്‌റ്റ് (SAG-AFTRA) സ്റ്റുഡിയോകളുമായും സ്‌ട്രീമിംഗ് സേവനങ്ങളുമായും നടത്തിയ കരാർ സംബന്ധിച്ച ചർച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക്. 1,60,000 അഭിനേതാക്കളെ പ്രതിനിധീകരിക്കുന്ന ദ സ്ക്രീൻ ആക്ടേഴ്സ് ഗിൽഡാണ് സമരതീരുമാനം പ്രഖ്യാപിച്ചത്.
നിലവില്‍ താരങ്ങളുടെ സംഘടനയും എഴുത്തുകാരുടെ സംഘടനയും സംയുക്തമായാണ് സമരം നടത്തുന്നത്. 1960 ന് ശേഷം രണ്ട് പ്രമുഖ ഹോളിവുഡ് യൂണിയനുകൾ ഒരേ സമയം പണിമുടക്കുന്ന ആദ്യ സംഭവം കൂടിയാണിത്. പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിർമിത ബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴിൽ ഭീഷണി എന്നീ വിഷയങ്ങളുന്നയിച്ചാണ് സമരം.
രണ്ട് മാസം മുമ്പ് റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയും സമാനരീതിയിലാണ് പ്രതിഷേധം ആരംഭിച്ചത്. 11 ആഴ്ചകളായി എഴുത്തുകാർ സമരരംഗത്തുണ്ട്. സ്ട്രീമിംഗ് സേവന ദാതാക്കളായ ഡിസ്നിയുടേയും നെറ്റ്ഫ്ളിക്സിന്റെയും ഓഫീസുകൾക്ക് മുന്നിലാണ് സമരം. പ്രതിഫല പ്രശ്നമടക്കം ആക്ടേഴ്സ് ഗിൽഡ് മുന്നോട്ടുവയ്ക്കുന്ന അതേ ആവശ്യങ്ങൾ തന്നെയാണ് ഇവരും ഉന്നയിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here