പ്ലസ് ടു വിദ്യാർത്ഥികൾക്ക് നഴ്സിംഗ് പഠിക്കാനവസരം, ചെലവുകൾ ജർമ്മൻ സർക്കാർ വഹിക്കും, പരിശീലന പരിപാടി ഈ മാസം 28-ന്

കൊച്ചി: നഴ്‌സുമാക്ക് ജർമ്മനിയിൽ വീണ്ടും സുവർണ്ണാവസരം. നഴ്‌സുമാരുടെ കുറവ് പരിഹരിക്കാൻ കേരളത്തിൽ നിന്ന് പരിശീലനം ലഭിച്ച നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതിനുപിന്നാലെ ചെറുപ്പക്കാർക്ക് കൂടുതൽ അവസരം ജർമ്മനി വാഗ്ദാനം ചെയ്യുന്നു. ജർമ്മൻ ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷ പാസായ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ജർമ്മൻ സർക്കാരിന്റെ ചെലവിൽ നഴ്സിംഗ് പഠിക്കാൻ അവസരമൊരുക്കുന്നു. ഈ പരിശീലന പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്‌സുമായി ചർച്ച നടത്തിവരികയാണ്.

ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള സുരക്ഷിത തൊഴിലാളി കുടിയേറ്റം നിയന്ത്രിക്കുന്ന ഏജൻസിയാണ് നേർക്ക റൂട്ട്സ്. കേരളത്തിൽ നിന്നുള്ള 104 നഴ്‌സുമാർ നോർക്ക റൂട്ട്‌സ് വഴി ജർമ്മനിയിൽ ജോലിചെയ്തു വരികയാണ്. നിലവിൽ 750 പേർ ജർമ്മൻ ഭാഷയിൽ പരിശീലനം നേടുന്നുണ്ട്.

കേരളത്തിലെ വിദ്യാർത്ഥികളെ ജർമ്മൻ നഴ്‌സിംഗ് മേഖലയിലേക്കെത്തിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ജർമ്മനിയിൽ നഴ്സിംഗ് പഠനത്തിനു രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 100 വിദ്യാർത്ഥികൾക്ക് ഈ മാസം 28ന് നോർക്ക റൂട്ട്സ് സൗജന്യ ശിൽപശാല സംഘടിപ്പിച്ചിട്ടുണ്ട്. ഹയർസെക്കൻഡറി പരീക്ഷ സയൻസ് സ്ട്രീമിൽ വിജയിച്ചവർക്കും ജർമ്മൻ ഭാഷ വിദ്യാർത്ഥികൾക്കും ശിൽപശാലയിൽ പങ്കെടുക്കാം.

65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം രാജ്യത്ത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ജർമ്മനിയിൽ നഴ്‌സുമാർക്ക് ആവശ്യമേറുന്നത്. ഈ സ്കീമിലൂടെ വിദ്യാർത്ഥികൾക്ക് സൗജന്യമായി നഴ്സിംഗ് ബിരുദം പൂർത്തിയാക്കാൻ സാധിക്കും, പഠനത്തോടൊപ്പം സ്റ്റൈപ്പന്റും ഇന്റേൺഷിപ്പും, കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തൊഴിലും ജർമ്മൻ സർക്കാർ വാഗ്ദാനം ചെയ്യുന്നു. ആശുപത്രി, നഴ്സിംഗ് ഹോം, ഔട്ട്പേഷ്യന്റ് സേവനങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയിലേക്കാകും നിയമനം

മൂന്ന് വർഷത്തെ ജർമ്മൻ ബിഎസ്‌സി നഴ്‌സിംഗ് കോഴ്സിൽ ചേരാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ജർമ്മൻ ഭാഷ പഠിക്കുകയും B1/B2 Goethe-Zertifikat പരീക്ഷ പാസാകുകയും വേണം. ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോപ്പറേഷനും പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ടെകിലും കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ നഴ്‌സുമാരായി ജോലി ചെയ്യാൻ യോഗ്യതയുണ്ടാവില്ല.

വിദ്യാഭ്യാസത്തിനായി ലക്ഷങ്ങൾ ചെലവഴിക്കുന്ന കേരളത്തിൽ നിന്ന് ഓരോ വർഷവും നൂറുകണക്കിന് യുവാക്കളാണ് പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് കുടിയേറുന്നത്. മോശം ശമ്പള പാക്കേജുകളും തൊഴിൽ സാഹചര്യവുമാണ് കേരളത്തിലെ യുവതയെ പ്രധാനമായും വിദേശത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക-എന്‍.ഐ.എഫ്.എല്‍ ന്റെ വെബ്സൈറ്റ് (www.nifi.norkaroots.org) സന്ദർശിച്ച് അപേക്ഷ നല്‍കാവുന്നതാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബര്‍ 26. അപേക്ഷയോടൊപ്പം യോഗ്യത, ജര്‍മ്മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ്, എന്നിവ അപ്പ്ലോഡ് ചെയ്യേണ്ടതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top