ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചു; നയപ്രഖ്യാപനത്തില്‍ കേന്ദ്ര വിമര്‍ശനമില്ല; മുഖ്യമന്ത്രി ജീവിക്കുന്നത് കേന്ദ്ര ഏജന്‍സികളെ ഭയന്ന്; വി.ഡി.സതീശന്‍

തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗം നടത്താന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള ഗവര്‍ണര്‍ അവസാന ഭാഗം മാത്രം വായിച്ച് മടങ്ങിയത് നിയമസഭയോടുള്ള അവഹേളനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇതില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു. സര്‍ക്കാരും ഗവര്‍ണറും നടത്തുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമായാണ് നിയമസഭയിലുണ്ടായതെന്നും ആരോപിച്ചു.

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നാടകം തുടങ്ങിയിട്ട് കുറേക്കാലമായി. സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോഴൊക്കെ ഗവര്‍ണര്‍ രക്ഷിക്കാന്‍ ഇറങ്ങും. ഇവര്‍ തമ്മില്‍ ഇപ്പോള്‍ പിണങ്ങിയത് എന്തിന്റെ പേരിലാണെന്ന് അറിയില്ല. കേന്ദ്രത്തിനെതിരെ സമരം ചെയ്യും എന്നു പറഞ്ഞതു പോലുള്ള രാഷ്ട്രീയ നാടകമാണ് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

നയപ്രഖ്യാപനത്തില്‍ സാമ്പത്തിക കാര്യങ്ങള്‍ പറയുന്നതല്ലാതെ കേന്ദ്രത്തിനെതിരെ കാര്യമായ ഒരു വിമര്‍ശനവുമില്ല. കേന്ദ്രത്തിന് എതിരായി ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ പോകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ ഭയന്ന് സമരം സമ്മേളനമാക്കി മാറ്റിയത് ദയനീയ സംഭവമാണ്. ഒന്നിച്ചുള്ള സമരത്തിന് തയാറല്ലെന്ന് പ്രതിപക്ഷം അറിയിച്ചപ്പോള്‍ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് എല്‍.ഡി.എഫ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പൊതുസമ്മേളനമായി മാറിയത്. തെരുവില്‍ പറയുന്നതൊക്കെ വെറുതെയാണെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി ജീവിക്കുന്നതു തന്നെ കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്ര ഏജന്‍സികളെയും ഭയന്നാണെന്നും സതീശന്‍ പരിഹസിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top