‘ഇന്ത്യ’; വിശാല പ്രതിപക്ഷത്തിന് പേരിട്ട് ബെംഗളുരു യോഗം, പരിഹസിച്ച് പ്രധാനമന്ത്രി

ബെംഗളുരു: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ (I.N.D.I.A) എന്ന് പേരിട്ട് ബെംഗളുരുവില്‍ ചേർന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനം. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് പൂര്‍ണ രൂപം. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്ക് ബദലായി ഐക്യനിര കെട്ടിപ്പടുക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിച്ചേർന്നത്.

വിശാല ഐക്യത്തെ നയിക്കാന്‍ ചെയർപേഴ്സനായി യുപിഎ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെയും കൺവീനറായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും നിയമിക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്തു. ഒപ്പം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതുള്‍പ്പടെയുള്ള ആഭ്യന്തര ചർച്ചകള്‍ക്കും സംയുക്ത പൊതുപരിപാടികള്‍ക്കുമായി രണ്ട് ഉപസമിതികളും രൂപീകരിക്കും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരായ എം കെ സ്റ്റാലിൻ, നിതീഷ് കുമാർ, അരവിന്ദ് കെജ്‌രിവാൾ, ഹേമന്ത് സോറൻ, മമത ബാനർജി, ആർജെഡി നേതാവ് ലാലു പ്രസാദ് എന്നിവർ ദ്വിദിന പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, എൻസിപി അധ്യക്ഷന്‍ ശരദ് പവാറും ജനതാദൾ സെക്കുലർ (ജെഡിഎസ്) നേതാവ് എച്ച്‌ഡി കുമാരസ്വാമിയും പ്രതിപക്ഷ യോഗത്തിന്റെ ആദ്യ ദിവസം എത്തിയില്ല. ഡൽഹിയിൽ നടക്കുന്ന എൻഡിഎ യോഗത്തിന് സമാന്തരമായാണ് ബെംഗളൂരുവിൽ പ്രതിപക്ഷ യോഗം ചേരുന്നത്.

അതേസമയം, ‘അഴിമതി യോഗം’ എന്ന പരിഹാസമാണ് പ്രതിപക്ഷ സമ്മേളനത്തിന് നേരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർത്തിയത്. പ്രതിപക്ഷ നേതാക്കൾ ഒരുമിച്ച് ഒരു ഫ്രെയിമിൽ വരുമ്പോൾ ജനങ്ങൾക്ക് ലക്ഷക്കണക്കിന് കോടികളുടെ അഴിമതിയാണ് ഓർമ വരുന്നത്, അഴിമതിക്കാരുടെ സമ്മേളനമാണിതെന്നും പ്രധാനമന്ത്രി പരിഹസിച്ചു. രാജ്യത്തിന് വേണ്ടിയോ പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയോ അല്ല, സ്വന്തം കുടുംബക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന കുടുംബ പാർട്ടികളുടെ ഒത്തുചേരലാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top