‘കേരളം കൊള്ളയടിക്കുന്ന പിവി ആന്റ് കമ്പനി’ ബാനറുമായി നിയമസഭയില്‍ പ്രതിപക്ഷം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സതീശന്‍; അടിയന്തരപ്രമേയ നോട്ടീസിന് അനുമതിയില്ല
തിരുവന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. പ്രതിപക്ഷത്തു നിന്നും മാത്യു കുഴല്‍നാടനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. പത്ത് മണിക്ക് റൂള്‍ 50 പ്രകാരം നോട്ടീസ് പരിഗണിച്ച സ്പീക്കര്‍ ചട്ടപ്രകാരം നോട്ടീസിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് സഭയെ അറിയിച്ചു. ഒരു അന്വേഷണ ഏജന്‍സി പരിശോധിക്കുന്ന വിഷയം നോട്ടീസായി പരിഗണിക്കാന്‍ കഴിയില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കര്‍ അനുമതി നിഷേധിച്ചത്. എന്നാല്‍ നോട്ടീസ് ചട്ടപ്രകാരമാണെന്ന പ്രതിപക്ഷ നേതാവിന്റെ വിശദീകരണം സ്പീക്കര്‍ പരിഗണിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ‘കേരളം കൊളളയടിക്കുന്ന പിവി ആന്റ് കമ്പനി’ എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം. സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
മകള്‍ക്കെതിരായ അന്വേഷണം ചര്‍ച്ചയാകുമെന്ന് ഭയന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പോലും വരാതെ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അതീവഗുരുതര ആരോപണമാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്നിരിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു കൊണ്ടാണ് മകളുടെ കമ്പനിയ്ക്ക് ചെയ്യാത്ത സേവനത്തിന് പണം നല്‍കിയതെന്നാണ് കണ്ടെത്തല്‍. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരസ്ഥാനത്തിരിക്കാന്‍ കഴിയില്ല. എത്രയും വേഗം രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിയമസഭയില്‍ വിഷയം ചര്‍ച്ചയാകാതിരിക്കാന്‍ ഭരണപക്ഷം തന്നെ ബഹളമുണ്ടാക്കുകയാണ്. മുഖ്യമന്ത്രി ആരോപണത്തിന് മറുപടി പറയുന്നില്ല. ആര്‍ത്തി സംബന്ധിച്ച പ്രഭാഷണ പരമ്പരയാണ് മുഖ്യമന്ത്രി നടത്തുന്നത്. മറുപടിയില്ലാത്തതു കൊണ്ടാണ് രണ്ട് കൈയ്യും പൊക്കി പരിശുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here