കുഞ്ഞാലിക്കുട്ടിയെ സംസാരിക്കാൻ അനുവദിച്ചില്ല, വാക്ക് ഔട്ട് നടത്തിയിട്ടും ഇറങ്ങാതെ പ്രതിപക്ഷം; ക്ഷുഭിതനായി സ്പീക്കർ
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളം. വാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടും അംഗങ്ങൾ സഭ വിടാതെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം തടസപ്പെടുത്തിയെന്നാരോപിച്ചാണ് പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാക്ക് ഔട്ട് പ്രഖ്യാപിച്ച് ഇറങ്ങിയതിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ അതിനിടയിൽ മന്ത്രി ജെ. ചിഞ്ചുറാണിയെ സംസാരിക്കാൻ അനുവദിച്ചതോടെയാണ് രംഗം വഷളായത്. ഇറങ്ങിപ്പോയ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
സതിയമ്മയെ പിരിച്ചു വിട്ടതിന്റെ വിശദീകരണം നൽകാനാണ് മന്ത്രി ജെ. ചിഞ്ചുറാണി എഴുന്നേറ്റത്. ഉപനേതാവിന് സംസാരിക്കാനുള്ളത് കഴിഞ്ഞിട്ട് മന്ത്രിക്ക് സംസാരിച്ചാൽ പോരേയെന്ന് പ്രതിപക്ഷം ചോദിച്ചു. വാക്ക് ഔട്ട് നടത്തിയവർ സഭയിൽ നിൽക്കരുതെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. പുതിയ കീഴ് വഴക്കങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കണ്ട. വീണ്ടും സഭയിൽ തുടർന്ന അംഗങ്ങളോട് സ്പീക്കർ ക്ഷുഭിതനായി.
അതേസമയം മന്ത്രിക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് എഴുന്നേറ്റ ഭരണപക്ഷത്തെ മന്ത്രിമാർ ഉൾപ്പെടെയുള്ളവരോടും സ്പീക്കർ ഇരിക്കാൻ നിർദേശിച്ചു. ഭരണപക്ഷത്ത് നിന്നും വീണ്ടും ശബ്‍ദമുയർന്നപ്പോൾ ഇരിപ്പിടത്തിൽ ഇരിക്കാൻ സ്പീക്കർ കർശനമായി പറഞ്ഞു. വാക്ക് ഔട്ട് നടത്തിയ മറ്റ് പ്രതിപക്ഷ അംഗങ്ങൾ പുറത്തു ഇറങ്ങണമെന്നും ലീഗിന് ഒറ്റക്ക് നിൽക്കാൻ ശക്തി ഉണ്ടെന്നും സ്പീക്കർ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here