“ബോധമില്ലാത്തത് ആനയ്ക്കല്ല, കഴിവുകെട്ട സര്‍ക്കാരിനാണ്”; വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാരിന് യാതൊരു പദ്ധതികളുമില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മനുഷ്യന്റെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ബാധ്യത നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ ജനങ്ങളുടെ ജീവനും സ്വത്തും വന്യജീവികള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളില്‍പ്പെട്ട ഏഴായിരത്തോളം പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് യാതൊരു പദ്ധതികളും നടപടിക്രമങ്ങളുമില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
ആളെക്കൊന്ന ബേലൂര്‍ മഖ്ന ജനുവരി 30ന് ഇറങ്ങിയതെന്ന് വനം മന്ത്രി പറഞ്ഞത് തെറ്റാണ്. റേഡിയോ കോളറുള്ള ആന മുത്തങ്ങ റേഞ്ചിന്റെ പരിധിയില്‍ വന്നതായി ജനുവരി അഞ്ചിന് കേരള വനംവകുപ്പ് അറിഞ്ഞിരുന്നു. ആന എത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ലൊക്കേറ്റ് ചെയ്യാനുള്ള ഒരു സംവിധാനവും വനംവകുപ്പിനില്ല. വനാതിര്‍ത്തികളില്‍ ഒരു തരത്തിലുള്ള കൃഷിയും ചെയ്യാനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പട്ടിണിയെ തുടര്‍ന്നാണ് പലരും ആത്മഹത്യ ചെയ്യുന്നത്. സഹായധനം നല്‍കണമെന്നത് നിയമമാണ്. അല്ലാതെ ഔദാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.
“പിണറായി വിജയന്‍ ഭരിക്കുന്നത് കൊണ്ട് വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങിയെന്ന് പ്രതിപക്ഷം പറഞ്ഞിട്ടില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 21 അനുസരിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ബോധമില്ലാത്തത് ആനയ്ക്കല്ല, കഴിവുകെട്ട സര്‍ക്കാരിനാണ്. സര്‍ക്കാര്‍ നിഷ്‌ക്രിയമായി ഇരിക്കുകയാണ്.” സതീശന്‍ വിമര്‍ശിച്ചു.
വയനാട്ടിലെ കാട്ടാന ആക്രമണത്തെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയം നല്‍കിയെങ്കിലും അത് നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here