പിണറായിക്ക് മുന്നില്‍ ഘടകകക്ഷികള്‍ ഓച്ഛാനിച്ചു നില്‍ക്കുന്നു; ഇപിയെ പുറത്താക്കണമെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും ധൈര്യമില്ല; പരിഹാസവുമായി സതീശന്‍

തിരുവനന്തപുരം : ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയെന്ന വിവിരം പുറത്തു വന്നിട്ടും ഇപി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഇടത് മുന്നണിയിലെ ഒരു ഘടകകക്ഷികള്‍ക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കള്‍ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുകയാണ്. ഇത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണെന്നും സതീശന്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസ് പിന്തുണയില്‍ മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കുമ്പോഴും രാഹുല്‍ ഗാന്ധിയെ പോലും വിമര്‍ശിക്കാന്‍ മടി കാട്ടാത്ത സിപിഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള ഒരു നേതാക്കള്‍ക്കും കണ്‍വീനറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യമില്ല. പിണറായി വിജയന് മുന്നില്‍ ഇവരൊക്കെ മുട്ടിലിഴയുകയാണ്. അടിമകളെ പോലെ പിണറായി വിജയനും സിപിഎമ്മിനും മുന്നില്‍ തലകുനിച്ചു നില്‍ക്കുകയാണ് ഘടകകക്ഷികളെന്നും സതീശന്‍ പരിഹസിച്ചു.

കര്‍ണാടകത്തില്‍ ലൈംഗിക ആരോപണത്തില്‍പ്പെട്ട് വഷളായ ജെഡിഎസിനെ കേരളത്തില്‍ ചുമക്കേണ്ട ഗതികേടിലാണ് എല്‍ഡിഎഫ്. ആര്‍എസ്എസ് ഏജന്റുമാരായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പിണറായി വിജയനും ഇപി ജയരാജനും സിന്ദാബാദ് വിളിക്കുന്ന ഏറാന്‍മൂളികളുടെ സംഘമായി എല്‍ഡിഎഫ് അധഃപതിച്ചു. ഏതെങ്കിലും ഘടകകക്ഷികള്‍ക്ക് അല്‍പമെങ്കിലും ആത്മാഭിമാനം ശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top