‘ചെറുപ്പമേറിയ പ്രതിപക്ഷനേതാവ്’ ഷഷ്ടിപൂര്‍ത്തി നിറവില്‍; വിഡി സതീശന് നാളെ 60 തികയും; പ്രായത്തിൻ്റെ കള്ളി വെളിച്ചത്താകുന്നതിൽ ദുഖമെന്ന് മാധ്യമ സിന്‍ഡിക്കറ്റിനോട്

തിരുവനന്തപുരം: കേരളത്തിൻ്റെ ആദ്യ പ്രതിപക്ഷ നേതാവായ പി.ടി.ചാക്കോയ്ക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവായ വിഡി സതീശന് 60 തികയുന്നു. ആഘോഷമൊന്നുമില്ല, ക്ഷേത്രങ്ങളില്‍ പോകാറുണ്ടെങ്കിലും പിറന്നാളിൽ പോകുന്നില്ല” – സതീശന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം വിശ്രമമില്ലാത്ത ഓട്ടങ്ങൾക്കിടയിലാണ് ഷഷ്ടിപൂര്‍ത്തി വരുന്നത്. ഇന്നിപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മുഖം വിഡി സതീശനാണ്. ഘടകകക്ഷികള്‍ക്കും സമ്മതനായ നേതാവിന്റെ റോളിലാണ് ഇപ്പോൾ സതീശന്‍. ഒരാഴ്ചക്കുള്ളിൽ വരാനിരിക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഫലത്തോടെ അത് വീണ്ടും അടിവരയിട്ട് ഉറപ്പിക്കാമെന്ന പ്രതീക്ഷ ഒപ്പമുള്ളവർ പങ്കുവയ്ക്കുന്നു.

രേഖയിലാണ് ഷഷ്ടിപൂര്‍ത്തി, യഥാർത്ഥത്തിൽ അൽപംകൂടി സമയമുണ്ട്, സതീശന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പ്രതികരണം ഇങ്ങനെ: “പിറന്നാളുമായി ബന്ധപ്പെട്ട് നാളെ പ്രത്യേകിച്ച് പരിപാടികള്‍ ഒന്നും തന്നെയില്ല. ഇന്നുവരെ പിറന്നാള്‍ ആഘോഷിച്ചതുമായി ബന്ധപ്പെട്ട് ഒരോര്‍മ പോലുമില്ല. അമ്മ ഉണ്ടായിരുന്ന സമയം തീയതി ഓര്‍ത്തുവെച്ച് ക്ഷേത്രങ്ങളില്‍ വഴിപാട് നേരാറുണ്ടായിരുന്നു. അതെല്ലാം എപ്പോഴോ അസ്തമിച്ചു. ഇത്രയും പ്രായമായെന്ന് എല്ലാവരും അറിയുന്നതില്‍ അൽപം സങ്കടമുണ്ട്. എല്ലാ ജന്മദിന ആശംസകളും നമുക്ക് പ്രായമായി വരുന്നു എന്നതിന്റെ അസുഖകരമായ ഓര്‍മപ്പെടുത്തലാണ് എന്നാണ് പണ്ഡിറ്റ്‌ നെഹ്‌റു പറഞ്ഞത്. ഈ ഘട്ടത്തില്‍ ഞാന്‍ ഓര്‍ക്കുന്നതും അതേ വാക്കുകളാണ്. ഇതുവരെ യുവത്വം ആരോപിക്കപ്പെട്ട് നടക്കുകയായിരുന്നു. ഇപ്പോള്‍ കള്ളിവെളിച്ചത്താവുന്നു.” – സതീശന്‍ പറയുന്നു.

എറണാകുളത്തെ നെട്ടൂരിലാണ് ജനനം. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയപ്രവേശം. നിയമ ബിരുദധാരിയാണ്. 2001 മുതല്‍ പറവൂരില്‍ നിന്നും തുടര്‍ച്ചയായി നിയമസഭാംഗം. ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന കെ.എം.ദിനകരനെ തോല്‍പ്പിച്ചാണ് കന്നിയങ്കം ജയിച്ചുകയറിയത്. പിന്നീടുന്നവരെ മണ്ഡലത്തില്‍ നിന്നും തോല്‍വി രുചിച്ചിട്ടില്ല. 2006-11 കാലത്ത് ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങൾ നിയമസഭയില്‍ അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് സതീശനാണ്. ഇതര സംസ്ഥാന ലോട്ടറി പ്രശ്നത്തില്‍ അന്നത്തെ ധനമന്ത്രി തോമസ്‌ ഐസക്കുമായി തുടരെ നടത്തിയ സംവാദങ്ങളിലൂടെ രാഷ്ട്രിയ കേരളത്തിലെ അനിഷേധ്യ സാന്നിധ്യമായി ഉയർന്നുവന്നു. എഐസിസി സെക്രട്ടറി പദവിയും കെപിസിസി വൈസ് പ്രസിഡൻ്റിൻ്റെ ചുമതലയും വഹിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top