മുഖ്യമന്ത്രിക്ക് സ്വന്തം നിഴലിനെപോലും പേടി; വെയിലുള്ളപ്പോള്‍ പുറത്തിറങ്ങരുതെന്നും വി.ഡി.സതീശന്‍

കോഴിക്കോട്: വെയിലുള്ളപ്പോള്‍ മുഖ്യമന്ത്രി പുറത്ത് ഇറങ്ങരുതെന്നും സ്വന്തം നിഴലിനെ പോലും പേടിയാണ് അദ്ദേഹത്തിനെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഉപജാപകസംഘമാണ്. പരസ്പര ബന്ധമില്ലാതെയാണ് അദ്ദേഹം സംസാരിക്കുന്നത്. കാപ്പ പ്രകാരം ജയിലിൽ അടക്കേണ്ടവരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതെന്നും സതീശന്‍ പറഞ്ഞു. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് -കെഎസ് യു പ്രവർത്തകരെ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള തീരുമാനം പ്രതിപക്ഷ സമരങ്ങളോടുള്ള അസഹിഷ്ണുതയാണ്.

പോലീസ് ഉദ്യോഗസ്ഥനോട് കക്കൂസ് കഴുകാൻ എസ്എഫ്ഐ സെക്രട്ടറി പറഞ്ഞപ്പോൾ അത് നോക്കി ചിരിച്ച്, അയാളെ ഒക്കത്ത് എടുത്തു കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥനുണ്ട്. അയാൾക്ക് കൂടി ഒരു ഗുഡ് സർവീസ് എൻട്രി കൊടുക്കണം. ചാലക്കുടിയിൽ ഡിവൈഎഫ്ഐ നേതാക്കൾ പോലീസ് ജീപ്പ് തകർത്തപ്പോൾ അത് നോക്കി നിന്ന ഉദ്യോഗസ്ഥരും ഗുഡ് സർവീസ് എൻട്രിക്ക് അർഹരാണ്. നവകേരള ബസിന് നേരെ ഷൂ എറിഞ്ഞതിന് വധശ്രമത്തിന് കേസെടുത്തവർ ഇപ്പോൾ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു.

ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടന്ന വർഷമാണ് കടന്നു പോകുന്നത്. മണിപ്പൂരിൽ 254 പള്ളികളാണ് സംഘപരിവാർ കത്തിച്ചത്. സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം വേണ്ടെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുകയാണ് സംഘപരിവാർ സംഘടനകൾ. രാജ്യവ്യാപകമായി ക്രൈസ്തവരെ വേട്ടയാടുന്നവർ ആട്ടിൻ തോലിട്ട ചെന്നായ്ക്കളായി ഇപ്പോൾ ഇറങ്ങിയിരിക്കുകയാണ്. കേരളത്തിലെ ക്രൈസ്തവർക്ക് അത് കൃത്യമായി ബോധ്യപ്പെടുമെന്നും സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top