മാരാമണ്‍ കണ്‍വെന്‍ഷന് വിഡി സതീശനെ ക്ഷണിച്ചെന്നും, ഇല്ലെന്നും; മാര്‍ത്തോമ്മ സഭയില്‍ ചേരിപ്പോര് മുറുകുന്നു

മാര്‍ത്തോമ്മ സഭയുടെ ആഭിമുഖ്യത്തില്‍ അടുത്ത മാസം നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി സഭയില്‍ ചേരിപ്പോരും പൊട്ടിത്തെറിയും. സതീശനെ പ്രാസംഗികനായി ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനം നടത്തി വ്യക്തമാക്കിയിരുന്നു. അടുത്ത മാസം 9 മുതല്‍ 16 വരെയാണ് പമ്പാ മണല്‍പ്പുറത്ത് പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്.

കണ്‍വെന്‍ഷനോടനുബന്ധിച്ച് സഭയുടെ യുവജന സംഘടനയായ യുവജനസഖ്യം ഫെബ്രുവരി 15 ശനിയാഴ്ച നടത്തുന്ന യുവവേദിയില്‍ പ്രസംഗിക്കാനാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാന വാരത്തിലാണ് യുവജനസഖ്യം സെക്രട്ടറി റവ. ബിനോയ് ദാനിയേല്‍ പ്രതിപക്ഷ നേതാവിനെ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. ഇക്കാര്യം സഖ്യത്തിന്റെ പ്രസിഡന്റായ ബിഷപ്പ് ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും സ്ഥിരീകരിക്കുന്നുണ്ട്. സതീശന്‍ യോഗത്തില്‍ പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക ക്ഷണക്കത്ത് പിന്നാലെ അയക്കുമെന്ന് ബിനോയ് ദാനിയേല്‍ അറിയിച്ചതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വ്യക്തമാക്കി.

മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ വി ഡി സതീശനെ ക്ഷണിച്ചെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെയാണ് സഭയില്‍ രാഷ്ടീയ ചേരിപ്പോര് തുടങ്ങിയത്. ഡിസംബര്‍ 19ന് മാതൃഭുമി പത്രത്തിലാണ് വിഡി സതീശന്‍ മാരാമണ്ണില്‍ പ്രസംഗിക്കുന്നുവെന്ന വാര്‍ത്ത ആദ്യം വന്നത്. പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങളും ടെലിവിഷന്‍ വാര്‍ത്താ ചാനലുകളം ഈ വാര്‍ത്ത ഏറ്റെടുത്തു. രാഷ്ടീയക്കാരെ സാധാരണയായി മാരാമണ്ണില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കാറില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെച്ചൊല്ലി സഭയില്‍ വിവാദം പൊട്ടിപ്പുറപ്പെട്ട് ഒരു മാസമായി അനങ്ങാതിരുന്ന സഭാ നേതൃത്വം ഇന്നലെയാണ് ഔദ്യോഗികമായി പ്രതികരിച്ചത്.

130 വര്‍ഷമായി മാര്‍ത്തോമ്മ സഭയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി- മാരാമണ്ണില്‍ നടന്നു വരുന്ന കണ്‍വെന്‍ഷന്‍, ഏഷ്യയിലെ ഏറ്റവും വലിയ സുവിശേഷ യോഗമാണെന്നാണ് കരുതപ്പെടുന്നത്. മാരാമണ്ണില്‍ പ്രസംഗിക്കുന്ന വ്യക്തികളെ ഔദ്യോഗികമായി തീരുമാനിക്കുന്നത് സഭാധ്യക്ഷനായ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയാണെന്ന് മാര്‍ത്തോമ്മ സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ ജോഷ്വാ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശനെ പ്രാസംഗികരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന വിവാദങ്ങളോട് പ്രതികരിക്കയായിരുന്നു അദ്ദേഹം. ഇടതുപക്ഷ അനുയായികളായ സഭയിലെ ഒരു പറ്റം പേരുടെ സമ്മര്‍ദ്ദ ഫലമായാണ് സതീശനെ ഒഴിവാക്കിയതെന്നും ആരോപണമുയരുന്നുണ്ട്.

യുവവേദിയില്‍ പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാന്‍ സ്വന്തം നിലയില്‍ യുവജന സഖ്യം പ്രസിഡന്റ് കൂടിയായ ബിഷപ്പ് ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത തീരുമാനിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സതീശനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് മാര്‍ ബര്‍ന്നബാസ്. വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ ഇദ്ദേഹം ഏകപക്ഷീയമായി സ്വീകരിച്ച നിലപാടാണ് തര്‍ക്കത്തിനും ചേരിപ്പോരിനും ഇടയാക്കിയത്. യുവജനസഖ്യത്തിലെ ഇടത് അനുഭാവികള്‍ ബിഷപ്പിന്റെ നിലപാടിനെതിരായി നിലകൊണ്ടു. എന്‍എസ്എസ് വേദിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ ക്ഷീണം മറയ്ക്കാന്‍ സതീശന്റെ അനുയായികളാണ് വാര്‍ത്ത ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും ആക്ഷേപമുണ്ട്.

യുവജനസഖ്യം ഭാരവാഹികള്‍ സതീശനെ ക്ഷണിച്ചെന്ന കാര്യം സൗകര്യപൂര്‍വം മറച്ചുവെച്ചു കൊണ്ടാണ് സംഘാടകര്‍ ഇന്നലെ പത്രസമ്മേളനം നടത്തിയത്. ഭരണഘടനാ പദവി വഹിക്കുന്ന പ്രതിപക്ഷ നേതാവിനെ അപമാനിച്ചതിനെ ചൊല്ലി സഭയുടെ സോഷ്യല്‍ മീഡിയാഗ്രൂപ്പുകളില്‍ കലാപസമാനമായ പോര്‍ വിളികളാണ് നടക്കുന്നത്. സതീശനെ അപമാനിച്ചതിനെതിരെ കോഴഞ്ചേരി സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ റോയ്‌സ് മല്ലശ്ശേരി സതീശനോട് മാപ്പ് അപേക്ഷിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എഴുതിയിരുന്നു.

വിഡി സതീശനോട് മാപ്പ്

‘പ്രിയപ്പെട്ട സതീശന്‍ സാര്‍,
എല്ലാ നേതാക്കളെയും പാര്‍ട്ടിയോ സമുദായമോ നോക്കാതെ മാനിക്കുന്ന പാരമ്പര്യം ആണ് മാര്‍ത്തോമ്മ സഭക്കുള്ളത്.
അങ്ങ് കേരളത്തിലെ മികവുറ്റ പ്രഭാഷകന്‍ ആണ്. നന്നായി കാര്യങ്ങള്‍ അപഗ്രഥിക്കുവാന്‍ അങ്ങക്ക് കഴിവുണ്ട്.
കേരളത്തിന്റെ മത സാംസ്‌കാരിക വേദികളില്‍ അങ്ങ് തിളങ്ങി നില്‍ക്കുന്നു. അങ്ങയുടെ പേര്
മാരാമണ്‍ യുവവേ ദിയുമായി ബന്ധപ്പെട്ടു ചര്‍ച്ച ആക്കിയതിനു
ഉത്തരവാദി ആരായാലും ഒരു സാധാരണ സഭാ അംഗം നിലയില്‍ അങ്ങയോടു മാപ്പ് അപേക്ഷിക്കുന്നു’ എന്നാണ് കുറിച്ചത്.

സഭയുടെ മറ്റ് ഔദ്യോഗിക പരിപാടികളിലും മാരാമണ്‍ കണ്‍വെന്‍ഷനിലും രാഷ്ടീയക്കാര്‍ പങ്കെടുക്കാറുണ്ട്. പിണറായി വിജയന്‍, മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി, ഡോ ശശി തരൂര്‍, ഡോ സുനില്‍ പി ഇളയിടം തുടങ്ങിയവര്‍ പങ്കെടുത്തിട്ടുണ്ട്. അന്നൊന്നുമില്ലാത്ത കോലാഹലമാണ് സതീശനെച്ചൊല്ലി ഉണ്ടായത്. ഇതിന് പിന്നില്‍ മറ്റ് ചില താല്പര്യമുണ്ടെന്ന് ഡോ റോയിസ് മല്ലശ്ശേരി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

സഭാ നേതൃത്വത്തിന്റെ നിലപാടില്ലായ്മക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് വിശ്വാസികള്‍ ഉയര്‍ത്തിയിട്ടുള്ളത്.കാലാനുസൃതമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ മാര്‍ത്തോമ്മ സഭയുടെ മുന്‍കാല നേതൃത്വം എന്നും മുന്‍പന്തിയിലായിരുന്നു.തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെ അന്നത്തെ സഭാധ്യക്ഷനായ ഡോ ഏബ്രഹാം മാര്‍ത്തോമ്മ മെത്രാപോലീത്ത അതിശകതമായ നിലപാട് സ്വീകരിച്ചിരുന്നു. മാര്‍ത്തോമ്മ സഭാ കൗണ്‍സില്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. സര്‍ സിപിക്കെതിരെ നിലപാട് സ്വീകരിച്ച ഏക സഭയും മാര്‍ത്തോമ്മ സഭയായിരുന്നു. ദിവാന്‍ സിപി അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. ജനരോഷം ഭയന്ന് അറസ്റ്റില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയതും ചരിത്രമാണ്.

അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ സഭാ തലവനായിരുന്ന ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കത്തെഴുതാന്‍ ധൈര്യം കാണിച്ചിരുന്നു. ഇങ്ങനെ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ ധൈര്യം കാണിച്ച സഭയുടെ പുതിയ നേതൃത്വത്തിന്റെ അഴകൊഴമ്പന്‍ നയങ്ങള്‍ക്കും നിലപാടുകള്‍ക്കു മെതിരെയാണ് പുതിയ ചേരിപ്പോരിന് കാരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top