പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക്; സെക്രട്ടേറിയറ്റിനു മുന്‍പില്‍ സംഘര്‍ഷം
തിരുവനന്തപുരം: ഡിഎ കുടിശിക അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ നടത്തുന്ന പണിമുടക്ക് പുരോഗമിക്കുന്നു. യുഡിഎഫ് അനുകൂല സര്‍വ്വീസ് സംഘടനകളിലും ബിജെപി അനുകൂല സംഘടനയിലും ഉൾപെട്ട സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നുണ്ട്. സ്റ്റാറ്റ്യൂറ്ററി പെന്‍ഷന്‍ പുനസ്ഥാപിക്കുക, ശമ്പള പരിഷ്കരണ കുടിശിക, ആറു ഗഡു ഡിഎ കുടിശിക, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങൾ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പ്രതിപക്ഷ സംഘടനകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധയോഗം നടത്തുന്നതിനിടെ സംഘര്‍ഷമുണ്ടായി. ഇടതു സംഘടനാ പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ടു.
പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോൺ പ്രഖ്യാപിച്ചെങ്കിലും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുകയാണ് പ്രതിപക്ഷ സംഘടനകൾ. ആനുകൂല്യങ്ങൾക്ക് ആരും എതിരല്ലെന്നും പ്രതിപക്ഷം പിന്തുണ നൽകുന്നത് അനാവശ്യ സമരത്തിനാണ് എന്നുമാണ് സര്‍ക്കാർ നിലപാട്. തിരുവനന്തപുരത്തിന് പുറമെ മറ്റു ജില്ലകളിലും പണിമുടക്ക് ഉണ്ട്. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർ കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ പ്രകടനം നടത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here