ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് വിടാതെ പ്രതിപക്ഷം; നിയമസഭയില്‍ സബ്മിഷന്‍

ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം നിയമസഭയില്‍ പ്രതിപക്ഷം വീണ്ടും ഉന്നയിക്കും. സബ്മിഷനായി പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് വിഷയം കൊണ്ടുവരിക. മുഖ്യമന്ത്രിയാകും ഈ സബ്മിഷന് മറുപടി നല്‍കുക. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടി സ്പീക്കര്‍ തള്ളിയിരുന്നു. ടിപി കേസ് പ്രതികള്‍ക്ക് മാത്രമായി ശിക്ഷായിളവ് നല്‍കാന്‍ നീക്കം ഇല്ലെന്ന് ചൂണ്ടികാട്ടിയാണ് സ്പീക്കര്‍ നോട്ടീസ് തള്ളിയത്.

മുഖ്യമന്ത്രി പറയേണ്ടത് സ്പീക്കര്‍ പറഞ്ഞത് ശരിയല്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെ കൊണ്ട് തന്നെ മറുപടി പറയിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് തന്നെ സബ്മിഷന്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഇതിന് എന്ത് മറുപടി പറയുമെന്നാണ് ഇനിയറിയേണ്ടത്. അടിയന്തരപ്രമേയ നോട്ടീസ് തളളിയപ്പോള്‍ പ്രതിപക്ഷം നിയമസഭയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, സിജിത്ത്, ടികെ രജീഷ് എന്നിവര്‍ക്ക് ഇളവ് നല്‍കാനാണ് നീക്കം നടന്നത്. ഇളവിന് മുന്നോടിയായി കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പോലീസിനോട് റിപ്പോര്‍ട്ട് തേടി. ഒരു തരത്തിലുള്ള ഇളവും നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രതികള്‍ക്കാണ് ശിക്ഷാ ഇളവ് നല്‍കുന്നത്.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കഴിഞ്ഞ മാസമാണ് കത്ത് നല്‍കിയത്. ശിക്ഷായിളവ് നല്‍കുന്നവരെ സംബന്ധിച്ച് പൂര്‍ണ്ണമായും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ വിട്ടയക്കാന്‍ അലോചിക്കുന്ന 59 പേരുടെ പേരുകളും കത്തിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top