സിപിഎം വാരിക്കുന്തവുമായി വണ്ടിപ്പെരിയാറിലെ പ്രതിയെ സംരക്ഷിക്കുന്നു; അപ്പീല്‍ അല്ല പുനരന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്; വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ വെറുതേവിട്ട കോടതി വിധി നിയമസഭയില്‍ ചര്‍ച്ചയാക്കി പ്രതിപക്ഷം. അടിന്തരപ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. പോലീസിന്റേയും പ്രോസിക്യൂഷന്റേയും വീഴ്ചകള്‍ എണ്ണിപറഞ്ഞാണ് പ്രതിപക്ഷത്തു നിന്നും സണ്ണി ജോസഫ് നോട്ടീസ് അവതരിപ്പിച്ചത്. പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ ശേഷം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി പ്രതിപക്ഷം ആരോപിച്ചു.
കട്ടപ്പന പ്രത്യേക പോക്സോ കോടതിയുടെ വിധി പരിശോധിച്ച് ആവശ്യമായ നിയമനടപടികളും വകുപ്പുതല നടപടികളും സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി നോട്ടീസിന് മറുപടി നല്‍കി. പ്രതിയെ വെറുതെ വിട്ട ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. നിലവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. പോലീസിന് വീഴ്ചയുണ്ടായെന്ന പ്രതിപക്ഷ ആരോപണം ശരിയല്ല. വണ്ടിപ്പെരിയാറില്‍ സംഭവിച്ചത് തീര്‍ത്തും നിര്‍ഭാഗ്യകരമായ സംഭവമാണ്. അത് ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഇതുമായി ബന്ധപ്പെട്ട വകുപ്പുതല പരിശോധനയും അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും വീഴ്ചകളോ ക്രമക്കേടോ ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ക്കശമായ നടപടി ഉണ്ടാകും. അതില്‍ പ്രതിയുടെ രാഷ്ട്രീയമോ പ്രതിയുടെ അച്ഛന്റെ രാഷ്ട്രീയ നിലപാടോ ഒന്നും സ്വാധീനിക്കില്ല. സര്‍ക്കാരിന് മുന്നില്‍ ആ കുട്ടിയുടെയും കുടുംബത്തിന്റെയും ദുരന്തമാണുള്ളത്. കര്‍ക്കശനടപടി സ്വീകരിക്കേണ്ടതിന്റെ അങ്ങേയറ്റം വരെ പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയുള്ള വിമര്‍ശനമാണ് ഉന്നയിച്ചത്. സംഭവം നടന്ന അന്ന് മുതല്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമം ഉണ്ടായി. പ്രതിയെ തിരിച്ചറിഞ്ഞിട്ടും പോലീസ് മനപൂര്‍വ്വം തെളിവ് നശിപ്പിച്ചു .പെണ്‍കുട്ടിയുടെ പിതാവും മുത്തച്ഛനും ആക്രമിക്കപ്പെട്ടു.ആക്രമിച്ചവര്‍ ഓടി കയറിയത് സിപിഎം പാര്‍ട്ടി ഓഫീസിലേക്കായിരുന്നു.ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വാരിക്കുന്തവുമായി കാത്തുനില്‍ക്കുന്നത് പ്രതികളെ സംരക്ഷിക്കാനാണ്. പാര്‍ട്ടിക്കാര്‍ എത്ര ഹീന കൃത്യം ചെയ്താലും സംരക്ഷിക്കുകയാണ്. ഈ കേസില്‍ അപ്പീല്‍ അല്ല പുനരന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here