പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു; വഖഫ് ബിൽ വിശദമായ പരിശോധനക്ക് ശേഷം

വഖഫ് ഭേദഗതി ബിൽ പാർലമെന്ററി കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു. ഭരണഘടനാപരമായ നിരവധി പിഴവുക​ൾ ബില്ലി​ലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് വഖഫ് ഭേദഗതി ബിൽ പരിശോധക്കായി ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടത്. ബിൽ വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്ന് ബിജെപി സഖ്യകക്ഷിയായ എൽജെപിയും ആവശ്യപ്പെട്ടു.

കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജു ബില്ലിന് അനുമതി തേടിയപ്പോൾ മുതൽ പ്രക്ഷ്യുബ്ദമായ രംഗങ്ങൾക്കാണ് സഭ സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷ അംഗങ്ങൾ നിരവധി തവണ സഭാനടപടികൾ തടസപ്പെടുത്തി. ബില്ലിനെ എതിർത്ത കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ ദേവസ്വം ബോർഡുകളിൽ അഹിന്ദുക്കളെ ഉൾപ്പെടുത്താറുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചു.

ബിൽ മതപരമായ വിഷയത്തിലുള്ള ഇടപെടലാണ്. മുസ്ലിം ഇതര വ്യക്തികളെ വഖഫ് ബോർഡിലുൾപ്പെടുത്തുന്നത് മതത്തിലുള്ള കടന്നുകയറ്റമാണ്. നാളെ മറ്റ് മതങ്ങളിലും ഇതേ നിലയിൽ കടന്നുകയറ്റമുണ്ടാകും. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ ബിൽ തയ്യാറാക്കിയിരിക്കുന്നത്. ഇത് ഫെഡറൽ സംവിധാനത്തിനും മതസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നാക്രമണമാണ്. ഈ വിഭജന രാഷ്ട്രീയം ജനം അംഗീകരിക്കില്ല. അയോധ്യ രാമക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലുമെല്ലാം അഹിന്ദുക്കളെ ഭരണസമിതിയിൽ അംഗങ്ങളാക്കുമോ എന്നായിരുന്നു വേണുഗോപാലിന്‍റെ ചോദ്യം.

ഇൻഡ്യ സഖ്യ അംഗങ്ങളായ മുസ്ലിം ലീഗ്, ഡിഎംകെ, എൻസിപി, തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി,സിപിഎം, ആർഎസ്പി തുടങ്ങിയ എല്ലാ പ്രതിപക്ഷ പാർട്ടികളും ബില്ലിനെ ശക്തമായി എതിർത്തു. മതേതരത്വത്തിന് എതിരെയുള്ള കടന്നുകയറ്റമാണ് ഭേദഗതി ബില്ലെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ വിമര്‍ശിച്ചു. മുസ്ലിം സമുദായത്തിന് നേരെയുള്ള വിവേചനമാണ് ബില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ബില്ലിനെ എൻഡിഎ ഘടകകക്ഷികളായ ടിഡിപിയും ജെഡിയുവും അനുകൂലിച്ചു. ബിൽ മുസ്ലീം വിരുദ്ധമല്ലെന്ന് അവർ വ്യക്തമാക്കി.

ബിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കില്ലെന്ന് പ്രതിപക്ഷ വിമർശനങ്ങൾക്ക് കേന്ദ്ര മന്ത്രി കിരൺ റിജിജു മറുപടി നൽകി. നിലവിൽ പലയിടത്തും വഖഫ് ഭൂമി മാഫിയകളുടെ കൈവശമാണ്. കയ്യേറ്റത്തിനെതിരെ 194 പരാതികൾ കഴിഞ്ഞ വർഷം മാത്രം ലഭിച്ചു. കഴിഞ്ഞ 10 വർഷമായി ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി വരികയാണ്. ഭേദഗതികൾ മുസ്ലിം സാമുദായത്തിലെ ദുർബല വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകുന്നതാണ്. വഖഫ്‌ കൗൺസിലിനെയും ബോർഡിനെയും ശാക്തീകരിക്കാനാണ് ഭേദഗതികൾ. മതസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറുന്നില്ല. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും റിജിജു ആരോപിച്ചു.

വഖഫ് സ്വത്തുക്കളുടെ ജുഡീഷ്യൽ പരിശോധന, നിർബന്ധിത സ്വത്ത് രജിസ്ട്രേഷൻ, വഖഫ് ബോർഡുകളിൽ അമുസ്ലിങ്ങളെയും സ്ത്രീകളെയും ഉള്‍പ്പെടുത്തല്‍ എന്നിവയടക്കം 44 ഭേദഗതികൾ ബില്ലിൽ ഉൾപ്പെടുന്നു. 11 അംഗ വഖഫ് ബോര്‍ഡില്‍ രണ്ട് പേര്‍ സ്ത്രീകളായിരിക്കും. മുസ്ലിം ഇതര വിഭാഗത്തില്‍ നിന്നും രണ്ടുപേര്‍, എംപിമാര്‍, എംഎല്‍എമാര്‍, ബോർഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ബോര്‍ഡില്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശം.

വഖഫ് സ്വത്തുക്കളുടെ വാണിജ്യ ഉപയോഗത്തിൽ നിന്നും ചെലവുകളിൽ നിന്നും വരുമാനം ശേഖരിക്കുന്നതിനുള്ള മുഴുവൻ സംവിധാനവും ഓൺലൈനാക്കും. സ്വത്ത് രജിസ്‌ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ഭേദഗതിയിലുണ്ട്. നിലവിൽ റെയിൽവേയും പ്രതിരോധ മന്ത്രാലയവും കഴിഞ്ഞാൽ ഏറ്റവും അധികം ഭൂസ്വത്തുക്കൾ ഉള്ളതും വഖഫ് ബോർഡിനാണ്. രാജ്യത്തെമ്പാടുമുള്ള 30 ബോർഡുകളുടെ കൈവശം എട്ടു ലക്ഷത്തിലധികം ഏക്കർ സ്വത്തുവകകൾ ഉണ്ടെന്നാണ് കണക്ക്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top