തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്ന് പറഞ്ഞത് ആലങ്കാരികം; ബിജെപി വിജയിക്കും; മലക്കംമറിഞ്ഞ് രാജഗോപാല്‍

തിരുവനന്തപുരം: ശശി തരൂരിനെ തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ മലക്കം മറിഞ്ഞു. പ്രസംഗം വാര്‍ത്തയായതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്കിലൂടെയുള്ള തിരുത്ത്. പാലക്കാട്ടുകാരനെന്ന നിലയ്ക്ക് ആലങ്കാരികമായി പറഞ്ഞതാണെന്നും മണ്ഡലത്തില്‍ ബിജെപി തന്നെ വിജയിക്കുമെന്നുമാണ് വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് നടന്ന എന്‍.രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ദാന ചടങ്ങിനിടയിലായിരുന്നു ഒ.രാജഗോപാലിന്റെ വിവാദ പരാമര്‍ശങ്ങള്‍.
‘തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാന്‍ തരൂരിന് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നത്. ഇനി അടുത്തകാലത്തൊന്നും വേറെ ആര്‍ക്കെങ്കിലും അവസരം ഉണ്ടാകുമോയെന്ന് ഞാന്‍ സംശയിക്കുകയാണ്’ ചടങ്ങില്‍ രാജഗോപാല്‍ പറഞ്ഞു.
ഒ.രാജഗോപാലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന് തിരുവനന്തപുരത്ത് നടന്ന എന്‍.രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ദാന ചടങ്ങിനിടയില്‍ ഞാന്‍ നടത്തിയ പ്രസംഗത്തില്‍ തിരുവനന്തപുരം എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ഞാനുദ്ദേശിച്ച അര്‍ത്ഥത്തിലല്ല മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത്. ഒന്നില്‍ കൂടുതല്‍ തവണ വിജയിച്ചയാള്‍ എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ സംസാരിച്ചത്. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും,നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താല്‍ തിരുവനന്തപുരത്ത് ബി ജെപിയ്ക്ക് വിജയിക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്. മാത്രവുമല്ല നിലവില്‍ തരൂരിന്റെ മണ്ഡലത്തിലെ സാന്നിധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഒരു പാലക്കാട്ട്കാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്. ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിക്കും എന്നതാണ് എന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here