അമ്മയും മക്കളും ജീവനൊടുക്കിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കോടതിയിൽ; നോബി ലൂക്കോസിനെതിരെ പോലീസ് റിപ്പോർട്ട്

കോട്ടയം ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽചാടി ആത്മഹത്യ ചെയ്ത ഷൈനിയുടെയും മക്കളുടെയും മരണത്തിന് കാരണക്കാരനായി കണ്ടെത്തി അറസ്റ്റുചെയ്ത നോബി ലൂക്കോസിന് ജാമ്യം അനുവദിക്കരുതെന്ന് വീണ്ടും പോലീസ്. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്നും കാണിച്ചാണ് പോലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോട്ടയം ജില്ലാ സെഷൻസ് കോടതി പോലീസിനോട് വിശദമായ റിപ്പോർട്ട് ചോദിച്ചിരുന്നു.
ഭർത്താവ് നോബിയിൽ നിന്ന് വേർപിരിഞ്ഞ് രണ്ടുമക്കളുമൊത്ത് ഏറ്റുമാനൂർ പാറോലിക്കലിലെ സ്വന്തം വീട്ടിൽ കഴിഞ്ഞ ഷൈനിയെ നോബി ഫോണിലൂടെ നിരന്തരം പീഡിപ്പിച്ചെന്നും ഇതാണ് ആത്മഹത്യക്ക് കാരണമായതെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ജാമ്യം നൽകുന്നതിനെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും കക്ഷി ചേർന്നിട്ടുണ്ട്. മുമ്പ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയിരുന്നു. പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
ഫെബ്രുവരി 28ന് പള്ളിയിൽ പോകാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ശേഷമാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടിയത്. ഒമ്പത് മാസമായി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുകയായിരുന്നു. ഈ പ്രശ്നങ്ങൾക്ക് പുറമെ, ബിഎസ്സി നേഴ്സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ അസ്വസ്ഥതകളും ഷൈനിക്ക് ഉണ്ടായിരുന്നു. മരിച്ച അലീനയ്ക്ക് 11 വയസ്സും ഇവാനയ്ക്ക് 10 വയസുമായിരുന്നു പ്രായം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here