നരഭോജി കടുവയെ കൊല്ലാൻ ഉത്തരവ്; വയനാട്ടില്‍ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍
സുൽത്താൻ ബത്തേരി: വയനാട്ടിൽ യുവാവിനെ കൊന്ന കടുവയുടെ കാര്യത്തിൽ ‘ഉറപ്പല്ല, ഉത്തരവാണ് വേണ്ടതെന്ന’ നാട്ടുകാരുടെ ആവശ്യത്തിന് അംഗീകാരം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ആവശ്യമെങ്കിൽ കടുവയെ കൊല്ലാമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി. കഴിഞ്ഞ ദിവസം ആളെക്കൊന്ന കടുവയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം വെടിവെക്കാനാണ് ഉത്തരവ്.
കഴിഞ്ഞ ദിവസമാണ് പ്രജീഷ് എന്ന യുവാവിനെ കടുവ കടിച്ചു കൊന്നത്. പാതി ഭക്ഷിച്ച നിലയിലാണ് യുവാവിൻ്റെ മൃതദേഹം പാടത്ത് നിന്നും കണ്ടെത്തിയത്. തുടർന്ന് സ്ഥിരമായി നാട്ടിലിറങ്ങുന്ന കടുവയെ വെടിവച്ച് കൊല്ലണമെന്ന ആവശ്യമായി നാട്ടുകാരും പ്രജീഷിൻ്റെ ബന്ധുക്കളും രംഗത്ത് വന്നിരുന്നു. ഇതിനിടെ മാധ്യമങ്ങളോട് ഡിഎഫ്ഒ നടത്തിയ പരാമർശവും പ്രതിഷേധം ശക്തമാകാൻ കാരണമായി.
പ്രജീഷിനെ കൊന്നതും പിന്നീട് നാട്ടുകാർ കണ്ടതും ഒരു കടുവയെ തന്നെയാണോ എന്ന് പരിശോധിക്കണമെന്നായിരുന്നു ഡിഎഫ്ഒ പറഞ്ഞത്. ഇതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. നരഭോജി കടുവയാണിതെന്നും ഇതിനെ കൊന്നില്ലെങ്കിലും വീണ്ടും ആളുകളെ ആക്രമിക്കും. അതിനാല്‍ നാട്ടുകാരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കളും പ്രദേശവാസികളും അധികൃതരെ അറിയിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് താലുക്ക് ആശുപത്രി മോർച്ചറിക്ക് മുന്നിൽ പ്രതിഷേധവും ആരംഭിച്ചു. കടുവയെ വെടിവച്ച് കൊല്ലാം എന്ന ഉത്തരവ് പുറത്തിറങ്ങിയതിന് ശേഷമാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ഏറ്റുവാങ്ങിയത്. നേരത്തേ വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ കടുവയെ മയക്കുവെടിവച്ചോ കൂടുവച്ചോ പിടികൂടണമെന്നായിരുന്നു നിർദേശം.
നരഭോജി കടുവയ്ക്ക് വേണ്ടി വനം വകുപ്പ് ട്രാക്കിംഗ് വിദഗ്ധര്‍ തെരച്ചിൽ തുടങ്ങി. മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ യുവാവിനെ കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. എന്തിനും തയ്യാറായിട്ടാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്. കടുവയെ മയക്കുവെടിവയ്ക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി സംഘവും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങിനില്‍ക്കുകയാണ്.
ഇന്നലെയാണ് വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷിനെ കടുവ ആക്രമിച്ച് കൊന്നത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പശുവിനു പുല്ല് അരിയാൻ പോയതായിരുന്നു. ഉച്ചയായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശമാണ് മൂടക്കൊല്ലി. രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികളെ കടുവ ആക്രമിച്ചിരുന്നു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here