മെത്രാനെ തെറിവിളിച്ച ഫാ. വാഴക്കുന്നത്തിന് വീണ്ടും തിരിച്ചടി, ഇടവക വികാരി സ്ഥാനം നഷ്ടമായി. കുരിശുമുട്ടം പള്ളിയിൽ പുതിയ വൈദികൻ

റാന്നി: ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവാക്കിയ വൈദികൻ ഫാ. മാത്യൂസ് വാഴക്കുന്നത്തിന് പകരമായി പുതിയ വികാരിയെ അയിരൂർ കുരിശുമുട്ടം സെൻ്റ് സ്റ്റീഫൻസ് പള്ളിയിൽ നിയമിച്ചു. നിലയ്ക്കൽ ഭദ്രാസന ബിഷപ്പിനെതിരെ അധിക്ഷേപകരമായ പ്രസ്താവന സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയതിന് വാഴക്കുന്നത്തിനെ സഭാധ്യക്ഷൻ ബസ്സേലിയോസ് മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ സഭാ ചുമതലകളിൽ നിന്ന് ഒഴിവാക്കാൻ ഈ മാസം എട്ടിന് ഉത്തരവിട്ടിരുന്നു. വാഴക്കുന്നത്തിന് പകരമായി ഫാ. ഷൈൻ ജേക്കബ് മാത്യുവിനെ ഇടവക വികാരിയായി ഭദ്രാസന ബിഷപ്പ് ജോഷ്വാ മാർ നിക്കോദിമോസ് നിയമിച്ചു.

കഴിഞ്ഞമാസം ബിജെപിയില്‍ അംഗത്വമെടുത്ത സഭയിലെ വൈദികനും ഭദ്രാസന സെക്രട്ടറിയുമായിരുന്ന ഫാ.ഷൈജു കുര്യനെതിരായ പരാതിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് സംസാരിച്ചതിന് വാഴക്കുന്നത്തിനോട് മെത്രാൻ വിശദീകരണം ചോദിച്ചിരുന്നു. ഇതിൽ പ്രകോപിതനായ മാത്യൂസ് വാഴക്കുന്നം ഭദ്രാസന ബിഷപ്പിനെ അധിക്ഷേപിക്കുന്ന ശബ്ദരേഖ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

ജോഷ്വാ മാർ നിക്കോദിമോസിന് വിശദീകരണം നല്കാൻ താൻ തയ്യാറല്ലെന്നും, ബിഷപ്പിൻ്റെ വസ്തു ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നുമാണ് ശബ്ദരേഖയിൽ പറയുന്നത്. സിപിഎം സഹയാത്രികനും റാന്നി സെൻ്റ് തോമസ് കോളജിലെ അധ്യാപകനുമാണ് ഫാ. മാത്യൂസ് വാഴക്കുന്നം.

ഇത് ഗുരുതര പെരുമാറ്റ ദൂഷ്യമായി കണക്കാക്കി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ സഭ നിയമിച്ചിട്ടുണ്ട്. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഫാ.വി.എം.എബ്രഹാം വാഴക്കല്‍, അഡ്വ.കെ.കെ.തോമസ്‌ എന്നിവരാണ് സമിതി അംഗങ്ങള്‍. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ വൈദിക വൃത്തിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും ഇദ്ദേഹത്തെ മാറ്റിനിര്‍ത്താൻ കാതോലിക്ക ബാവയാണ് തീരുമാനമെടുത്തത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വാഴക്കുന്നം ജോലി ചെയ്തിരുന്ന പള്ളിയിൽ പുതിയ വൈദികനെ നിയമിച്ചത്.

കഴിഞ്ഞമാസം ബിജെപിയിൽ ചേർന്ന ഫാ.ഷൈജു കുര്യനെയും ഔദ്യോഗിക ചുമതലകളിൽ നിന്ന് സഭ ഒഴിവാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top