ബിഷപ്പിനെ കൊല്ലുമെന്ന് ഭീഷണി; ഓര്‍ത്തഡോക്‌സ് സഭയുടെ അടൂർ – കടമ്പനാട് അരമനയില്‍ അക്രമം; കേസെടുത്ത് പോലീസ്

പത്തനംതിട്ട : ഓര്‍ത്തഡോക്‌സ് സഭയുടെ അടൂര്‍ -കടമ്പനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായെ കൈയ്യേറ്റം ചെയ്തതായി പരാതി. സഭയുടെ കോളേജുകളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം നടത്തുന്നു എന്നാരോപിച്ചായിരുന്നു അതിക്രമം. അടൂര്‍ പോലീസ് 4 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡിസംബര്‍ 31 ഞായറാഴ്ച രാവിലെ അരമനയില്‍ അതിക്രമിച്ച് കടന്ന് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും, അസഭ്യം പറയുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. സഭയുടെ ഉടമസ്ഥതയിലുള്ള കുന്നംകുളം പഴഞ്ഞിയിലുള്ള എം.ഡി കോളേജില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ഗീവിസ് മര്‍ക്കോസിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്നാണ് പരാതി. ഇയാളെ കൂടാതെ അജു മാത്യു, പ്രകാശ് വര്‍ഗീസ്, ലിജോ പത്തിക്കല്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ബിഷപ്പിന്റെ ഡ്രൈവറായ ബിനോജാണ് പരാതി നല്‍കിയത്.

അടിയന്തര ഭദ്രാസന കൗണ്‍സില്‍ കൂടിയാണ് നിയമനടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിച്ചത്. അടൂര്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് മൂന്നാമന്‍ കാതോലിക്ക ബാവയെ കണ്ട് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബാവ ഭദ്രസന നേതൃത്വത്തെ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here