വൈദികര്‍ പാര്‍ട്ടിക്കൊടി പിടിക്കേണ്ട; ഔദ്യോഗികമായി വിലക്കി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍
കോട്ടയം : വൈദികര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വം എടുക്കുന്നത് കർശനമായി വിലക്കി മലങ്കര ഓര്‍ത്തഡോക്‌സ സഭ. നിലയ്ക്കൽ ഭദ്രാസന സെക്രട്ടറിസ്ഥാനം വഹിച്ച വൈദികൻ്റെ ബിജെപി പ്രവേശനം ഉണ്ടാക്കിയ തലവേദനകളുടെ പശ്ചാത്തലത്തിലാണ് ഇതാദ്യമായി ഇക്കാര്യത്തിൽ ഔദ്യോഗികമായി നിർദേശം പുറത്തിറക്കുന്നത്. രാഷ്ട്രീയവും വൈദികവൃത്തിയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ വൈദികര്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു. അങ്ങനെയുള്ള വൈദികര്‍ സഭാ ശുശ്രൂഷകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന കടുത്ത നിർദേശവും സർക്കുലറിലുണ്ട്.
വൈദിക സ്ഥാനത്തിരിക്കുന്നവര്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരകരാകുന്നത് വിശ്വാസികള്‍ക്കിടയില്‍ വിഭാഗീയതയ്ക്ക് കാരണമാകും. സഭയുടെ പ്രതിനിധി എന്ന നിലയിലാണ് പൊതുസമൂഹം വൈദികരെ കാണുന്നത്. അതുകൊണ്ട് തന്നെ ഒരു രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നത് ഉചിതമായ നടപടിയല്ല. വ്യക്തിപരമായ രാഷ്ടീയ വീക്ഷണം സഭ വിലക്കിയിട്ടില്ല. എന്നാല്‍ അത് പരസ്യമായി പ്രകടിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് നിര്‍ദ്ദേശം.
ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് കേന്ദ്രമന്ത്രി വി മുരളീധരനിൽ നിന്ന് അംഗത്വമെടുത്ത ഫാദർ ഷൈജു കുര്യനെതിരെ ഒരുവിഭാഗം വിശ്വാസികൾ ഉയർത്തിയ പ്രതിഷേധം സഭക്ക് തന്നെ ബാധ്യതയാകുന്ന ഘട്ടമെത്തിയതോടെ ഇന്നലെ വൈകിട്ടോടെ നടപടിയെടുത്താണ് തലയൂരിയത്. നിരവധി പരാതികളും ഷൈജു കുര്യനെതിരെ ലഭിച്ചതോടെ സഭയുടെ എല്ലാ ഔദ്യോഗിക ചുമതലകളില്‍ നിന്നും നീക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വൈദികരുടെ രാഷ്ട്രീയ പ്രവേശനം കർശനമായി വിലക്കി കാതോലിക്ക ബാവ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സഭാകേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ മാധ്യമങ്ങളോട് പ്രതികരിക്കാവൂവെന്നാണ് നിര്‍ദ്ദേശം. ഷൈജു കുര്യനെതിരെ പോലീസില്‍ പരാതി നല്‍കുകയും മാധ്യമങ്ങളോട് ഇക്കാര്യം സംസാരിക്കുകയും ചെയ്ത വൈദികനും റാന്നി സെന്റ് തോമസ് കോളജ് അധ്യാപകനുമായ ഫാ.മാത്യൂസ് വാഴക്കുന്നത്തിനോട് സഭ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
വൈദികരുടെ പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയരുന്നതായും ഇക്കാര്യത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും കാതോലിക്ക ബാവ നല്‍കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here