കട്ടക്കലിപ്പിൽ ഓർത്തഡോക്സ് സഭ; യാക്കോബായക്കാരെ പ്രീണിപ്പിക്കാൻ സർക്കാർ പണം ധൂർത്തടിക്കുന്നു; മന്ത്രിയുടെ വിദേശയാത്രക്കെതിരെ ബിഷപ്പ്

യാക്കോബായ സഭയുടെ പുതിയ കാതോലിക്കാ ബാവയായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കാൻ മന്ത്രി പി രാജീവിൻ്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക സംഘത്തെ അയക്കുന്നതിന് എതിരെ ഓർത്തഡോക്സ് സഭ. ഈ തീരുമാനം 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്ന് സഭ കുറ്റപ്പെടുത്തുന്നു. ഈ മാസം 25ന് ലബനനിലാണ് ചടങ്ങുകൾ.
നിയമവിരുദ്ധ പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് ഓർത്തഡോക്സ് ബിഷപ്പ് യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി. ചടങ്ങിൽ പങ്കെടുക്കാൻ മന്ത്രി പി രാജീവ് വിദേശത്ത് പോകുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംഎൽഎമാരായ പി വി ശ്രീനിജൻ, ഇ ടി ടൈസൺ, അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിൾ എന്നിവരും മന്ത്രിതല സംഘത്തിൽ ഉണ്ടാകും.
സർക്കാരാണ് യാത്രച്ചെലവ് വഹിക്കുന്നത്. സുപ്രീം കോടതി വിധി രാജ്യത്തിൻ്റെ നിയമമാണെന്ന സങ്കല്പത്തിൻ്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന സമീപനമാണ് സർക്കാരിൻ്റേത്. ലെബനോനിൽ നിന്നുള്ള സമാന്തര ഭരണത്തിന് സർക്കാർ അംഗീകാരം നൽകുകയാണെന്നും ഓർത്തഡോക്സ് സഭാ മാധ്യമവിഭാഗം മേധാവി കൂടിയായ യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത പറഞ്ഞു.
സർക്കാർ ധൂർത്തിനെതിരെ നിരന്തരം പ്രതികരിക്കുന്ന പ്രതിപക്ഷത്തിൻ്റെ ഇക്കാര്യത്തിലെ നിലപാട് അറിയാൻ താല്പര്യമുണ്ട്. നികുതിപ്പണം എടുത്ത് സ്വകാര്യ ചടങ്ങിന് പോകുന്നതിനെ പ്രതിപക്ഷവും പിന്തുണയ്ക്കുന്നുണ്ടോ എന്ന് ബിഷപ്പ് ദിയസ്കോറസ് ചോദിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here